വര്‍ക്കല ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം: വര്‍ക്കല ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. വര്‍ക്കല ബീവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കോട്ടമൂല സ്വദേശി അസിം (33) കോവൂര്‍ സ്വദേശി അജിത്ത് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 1:30 മണിയോടെയാണ് വര്‍ക്കല ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തി തുറന്ന് ഗ്രില്‍ വളച്ച് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഔട്ട്‌ലെറ്റ് ജീവനക്കാരായ അശ്വതി, നാഗരാജ് എന്നിവര്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോള്‍ പൂട്ട് കുത്തിപ്പൊളിച്ച് ഗ്രില്ലുകള്‍ വളച്ചു വച്ച നിലയില്‍ ഔട്ട്‌ലെറ്റ് തുറന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഉടനെ തന്നെ ഇവര്‍ ഔട്ട്‌ലെറ്റ് മാനേജരെ വിവരമറിയിക്കുകയും അദ്ദേഹമെത്തിയെ ശേഷം വര്‍ക്കല പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഔട്ട്‌ലെറ്റ് മാനേജരുടെ ക്യാമ്പിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശ നിര്‍മ്മിത മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചത്.

ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഇത് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തി. സേഫ് ലോക്കറിനുള്ളില്‍ ഉണ്ടായിരുന്ന പണം മോഷ്ടിക്കുന്നതിനായി ലോക്കര്‍ പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. ഈ സമയം 16 ലക്ഷത്തോളം രൂപ സേഫ് ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി ഔട്ട്‌ലെറ്റ് മാനേജര്‍ റെജിന്‍ പറഞ്ഞു.അറുപതിനായിരത്തോളം രൂപ വില വരുന്ന 31 കുപ്പി മദ്യം ഔട്ട്‌ലെറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവര്‍ കടത്തിക്കൊണ്ട് പോയത്. ബിവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്‌ലെറ്റിനുള്ളില്‍ പ്രവേശിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചപ്പോഴാണ് മൂന്നുപേര്‍ ഔട്ട്‌ലെറ്റിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. മോഷണം നടത്തിയ മദ്യം വില്‍പ്പന നടത്തിയതിന്റെ പേരില്‍ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവില്‍ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്എച്ച്ഒ .എസ് സനോജ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.