തിരഞ്ഞെടുപ്പിന് 400 ദിവസങ്ങള്‍ മാത്രം ടോപ് ഗിയറിലിടാന്‍ സമയമായെന്നോര്‍മ്മിപ്പിച്ച് നരേന്ദ്രമോദി
1 min readഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് 400 ദിവസങ്ങളാണെന്നും ഇനി ടോപ്പ് ഗിയറിലിടേണ്ട സമയമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം കുറിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരേസമയം പ്രചോദനം നല്‍കുന്നതും സഞ്ചരിക്കേണ്ട പുതിയ പാതയിലേക്ക് നയിക്കുന്നതായിരുന്നുവെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന കാഴ്ചപ്പാടില്‍ ഓരോ ബിജെപി പ്രവര്‍ത്തകനും ജനങ്ങളെ സേവിക്കേണ്ടതുണ്ടെന്നും മോദി നിര്‍ദേച്ചതായി അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങളിലും മറ്റും മോര്‍ച്ചകള്‍ പോലെയുള്ള പ്രത്യേക പരിപാടികള്‍ നടപ്പിലാക്കണമെന്ന് മോദി നിര്‍ദേശിച്ചു. ഇതുവഴി കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അതിര്‍ത്തികളിലെ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതായി ഫഡ്‌നാവിസ് പ്രതികരിച്ചു.
18നും 25നും ഇടയിലുള്ള യുവാക്കള്‍ ഇന്ത്യയില്‍ രാഷ്ട്രീയ ചരിത്രം കുറിക്കുന്നതിന് ഇതുവരെ സാക്ഷികളായിട്ടില്ല. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് നേരിടേണ്ടി വന്നതുപോലെയുള്ള അഴിമതിയോ തെറ്റായ പ്രവര്‍ത്തികളോ അവര്‍ കണ്ടിട്ടില്ല. അതുകൊണ്ട് ബിജെപിയുടെ ഭരണമികവ് യുവാക്കള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും മോദി നിര്‍ദേശിച്ചതായി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഏറ്റവും മോശം ഭരണത്തില്‍ നിന്നും മികച്ച ഭരണമാതൃക സൃഷ്ടിച്ച ബിജെപിയെക്കുറിച്ച് ഓരോ യുവാക്കളും അറിയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളായിരുന്നില്ല മോദിയുടെ വാക്കുകളിലുണ്ടായിരുന്നത്. മറിച്ച് ഒരു ഭരണകര്‍ത്താവായാണ് അദ്ദേഹം സംസാരിച്ചത്. കാരണം അദ്ദേഹത്തിന് പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം പുരോഗമിക്കവെ മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്രമോദി നടത്തിയ രണ്ടാമത്തെ ഉന്നത തല യോഗത്തിലാണ് നിര്‍ദേശങ്ങളുണ്ടായത്.