നമ്മുടെ സിരയിലോടുന്നത് മഷിയും തീയും; നാല് വര്‍ഷത്തിന് ശേഷം മുസിരിസ് ബിനാലക്ക് തിരിതെളിയുന്നു

1 min read

കൊച്ചി: മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തിരി തെളിയും. ഫോര്‍ട്ട് കൊച്ചിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെ ഉദ്ഘാടനം ചെയ്യുക. നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ ബിനാലെ ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മുസിരീസ് ബിനാലെ വീണ്ടും എത്തുമ്പോള്‍ വരവേല്‍ക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച 2020 ലെ ബിനാലെ പതിപ്പാണ് ഇത്തവണത്തേത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ ഇത്തവണ അരങ്ങിലെത്തും. ഇതില്‍ പലതും നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്‍ അടക്കം 14 വേദികളിലായാണ് ബിനാലെ നടക്കുക.

സിംഗപ്പൂരില്‍ നിന്നുള്ള ഷുബിഗി റാവുവാണ് ക്യുറേറ്റര്‍. 2012 ല്‍ തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താംവാര്‍ഷികമാണ് ഇത്തവണത്തേത്. 2018 ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്. ഇതിലും കൂടുതല്‍ പേരെയാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇതിനായി ഇത്തവണ ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവേശനമുണ്ടാകും. ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്.

Related posts:

Leave a Reply

Your email address will not be published.