അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ ഔദ്യോഗിക പരിപാടികളില്‍ സാനിധ്യമായി നരേന്ദ്രമോദി
1 min readഗാന്ധിനഗര്‍: അമ്മയുടെ മരണാനനന്തര ചടങ്ങള്‍ക്ക് തൊട്ടുപിന്നാലെ മുന്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലെ ഹൗറ ജല്‍പായ് ഗുരി പാതയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികള്‍ക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദവും അറിയിച്ചു.
ഇന്ന് ദില്ലിയില്‍ നിന്നും ബംഗാളിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി അമ്മ ഹീരാബെന്റെ നിര്യാണത്തെ തുടര്‍ന്ന് നേരെ ഗാന്ധിനഗറിലേക്ക് പോകുകയായിരുന്നു. സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷമാണ് അദ്ദേഹം ഓണ്‍ലൈനായി ബംഗാളിലെ പരിപാടികളില്‍ പങ്കെടുത്തത്. ഹൌറ സ്റ്റേഷനില്‍ നിന്നും ന്യൂ ജല്‍പൈഗുരു വരൊയണ് പുതിയ വന്ദേഭാരത് ട്രെയിന്‍ സഞ്ചരിക്കുക. വടക്കുകിഴക്കേ ഇന്ത്യയിലേക്ക് പ്രവേശന കവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ന്യൂ ജല്‍പൈഗുരി. 564 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത 7.45 മണിക്കൂറിലാവും വന്ദേഭാരത് ട്രെയിന്‍ പൂര്‍ത്തിയാക്കുക. യാത്രാമധ്യേ ബര്‍സോയി, മാള്‍ട, ബൊല്‍പുര്‍ എന്നീ സ്റ്റേഷനുകളില്‍ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടാവും. ഇതോടൊപ്പം കൊല്‍ക്കത്ത മെട്രോയുടെ പുതിയ പര്‍പ്പിള്‍ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.