ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ ബലാത്സംഗം ചെയ്തു; അതിഥി തൊഴിലാളികളായ നാലുപേര്‍ പിടിയില്‍
1 min readകോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയെ ബലാത്സംഗം ചെയ്യ്ത സംഭവത്തില്‍ അതിഥി തൊഴിലാളികളായ നാലുപേര്‍ പിടിയില്‍.
പെണ്‍കുട്ടിയോടൊപ്പം യാത്രചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ പിടിയിലായത്. പിടിയിലായവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരാണ്.
വാരാണസിയില്‍നിന്ന് ചെന്നൈയിലെ സഹോദരിയുടെ അടുത്തേക്ക് വരുകയായിരുന്ന ഖാസിപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തീവണ്ടിയില്‍വെച്ച് യുവാക്കള്‍ പരിചയപ്പെട്ട് സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പാലക്കാടുവരെ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട്ടേക്ക് ബസ് മാര്‍ഗം എത്തിച്ച് പിന്നീട് പാളയം ബസ്സ്റ്റാന്‍ഡിന് പിറകിലുള്ള വാടകമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30-യോടെ അവശനിലയിലായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന് ഒന്നാം പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ആര്.പി.എഫ്. എസ്.ഐ. ഷിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നടത്തിയ പരിശോധനയില്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ പ്രതികളെയും പിടികൂടി. പിടിയിലായ പ്രതികളെ കസബ പോലീസിന് കൈമാറി. പിന്നീട് പെണ്‍കുട്ടിയെ ചൈല്ഡ്ലൈന് കൈമാറി.