ആവശ്യത്തിന് ഫണ്ട് നല്‍കാതെ സര്‍ക്കാര്‍; സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

1 min read

കോഴിക്കോട്: ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ച് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍. ആവശ്യത്തിന് പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍ നിന്നും വിട്ട് നില്‍ക്കാനാണ് പ്രധാന അധ്യാപകരുടെ സംഘടനയുടെ തീരുമാനം.

2016 ലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള തുക നിശ്ചയിച്ചത്. 150 കുട്ടികളുള്ള സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്ക് എട്ട് രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ തുക വെച്ച് ഉച്ചഭക്ഷണം മാത്രമല്ല, ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതിന്റെ എല്ലാ ചുമതലും നല്‍കിയിരിക്കുന്നതാവട്ടെ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും. സംസ്ഥാനത്ത് പച്ചക്കറിയുടേയും ഗ്യാസിന്റേയും വില പതിന്മടങ്ങ് വര്‍ധിച്ചെങ്കിലും ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. കുഞ്ഞുങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അധ്യാപകര്‍.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക പോലും മാസങ്ങള്‍ വൈകുന്ന സാഹചര്യമാണുള്ളതെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. ഇക്കാര്യം ഉയര്‍ത്തി കാണിച്ച് പല തവണ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും അനുകൂല സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് കലാകായിക മേളകളുള്‍പ്പെടെയുള്ളവയുടെ സംഘാടനത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പ്രധാന അധ്യാപകരുടെ സംഘടനയായ കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. അനിശ്ചിത കാല നിരാഹാര സമരം ഉള്‍പ്പെടെ സംഘടിപ്പിക്കാനും പ്രധാന അധ്യാപകരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.