മംഗ്ലൂരു സ്ഫോടനം: പ്രതിക്ക് ഐഎസ് ബന്ധം, ലക്ഷ്യമിട്ടത് വന്‍ സ്ഫോടനം
1 min readമംഗ്ലൂരു: മംഗലാപുരത്ത് നടന്ന സ്ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കര്‍ണാടക പൊലീസ് എഡിജിപി അലോക് കുമാര്‍ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് വ്യക്തമായി. ഇയാള്‍ മംഗലാപുരം നഗരത്തില്‍ വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടത്. എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
മംഗ്ലൂരു സ്ഫോടനത്തിന് പിന്നില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന് എന്നിവര്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന് എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി പറഞ്ഞു. സ്ഫോടനത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് വ്യക്തമായി. ഇവ പിന്നീട് വാടക വീട്ടില്‍ വെച്ച് യോജിപ്പിച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു. പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി നഗുരി ബസ് സ്റ്റാന്റ് തിരഞ്ഞെടുത്തു. എന്നാല്‍ ഓട്ടോറിക്ഷയില്‍ വെച്ച് അപ്രതീക്ഷിതമായി ബോംബ് പൊട്ടി. മുഖ്യപ്രതിയായ ഷാരിഖ് തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ കഴിഞ്ഞതായാണ് പൊലീസ് പറയുന്നത്.
മംഗുളുരു സ്ഫോടനം കേരള പൊലീസും അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സംഘം മംഗലാപുരത്ത് എത്തി ഷാരീഖില്‍ നിന്ന് വിവരങ്ങള്‍ തേടി. സ്ഫോടനത്തിന് മുമ്പ് ഇയാള്‍ ആലുവയില്‍ എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.