84 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തച്ഛന്‍ ഒരു പുസ്തകമെടുത്തു, ലൈബ്രറിയെ തിരികെ ഏല്‍പ്പിച്ച് കൊച്ചുമകന്‍
1 min read84 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറിയില്‍ നിന്നും എടുത്ത ഒരു പുസ്തകം അതേ ലൈബ്രറിയിലേക്ക് തന്നെ തിരികെ എത്തുക എന്നത് ഇത്തിരി അതിശയം ഉള്ള കാര്യമാണ് അല്ലേ? ക്യാപ്റ്റന്‍ വില്ല്യം ഹാരിസണ്‍ എന്നൊരാള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറിയില്‍ നിന്നും വായിക്കാനായി ഒരു പുസ്തകമെടുത്തു. 1938 ഒക്ടോബര്‍ 11 നായിരുന്നു അത് ലൈബ്രറിയില്‍ തിരികെ ഏല്‍പ്പിക്കേണ്ടത്. എന്നാല്‍, അദ്ദേഹം അത് മറന്നുപോയി. 1957 ല്‍ അദ്ദേഹം മരിച്ചു. അതുവരെ അദ്ദേഹത്തിന്റെ അലമാരയില്‍ കിടന്ന പുസ്തകം മരണശേഷം അദ്ദേഹത്തിന്റെ മറ്റ് വസ്തുക്കള്‍ക്കൊപ്പം ബന്ധുക്കള്‍ മാറ്റിവച്ചു.
അദ്ദേഹത്തിന്റെ മകള്‍ അന്നയും അടുത്തിടെ മരിച്ചു. അപ്പോഴും പുസ്തകം ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ തന്നെ കിടന്നു. അതിനിടയിലാണ് വില്ല്യമിന്റെ കൊച്ചുമകനായ പാഡി റിയോര്‍ഡന്റെ ശ്രദ്ധയില്‍ പുസ്തകം പെടുന്നത്. അതോടെ പുസ്തകം എവിടുത്തേതാണോ അവിടേക്ക് തന്നെ തിരികെ ഏല്‍പ്പിക്കണം എന്ന് പാഡി കരുതുകയായിരുന്നു. അങ്ങനെ, £18.27 പിഴയോട് കൂടി കവന്‍ട്രിയിലെ ഏള്‍സ്ഡണ്‍ കാര്‍ണഗീ കമ്മ്യൂണിറ്റി ലൈബ്രറിയിലേക്ക് പുസ്തകം തിരികെ എത്തിച്ചു.
സോലൈബ്രറിയുടെഷ്യല്‍ മീഡിയ പേജ് പുസ്തകത്തിന്റെ ചിത്രങ്ങളോടൊപ്പം പുസ്തകം തിരികെ എത്തിയ സന്തോഷം പങ്കുവച്ചു. ‘അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ സംഭവിച്ചു. റിച്ചാര്‍ഡ് ജെഫറീസിന്റെ റെഡ് ഡീര്‍ എന്ന പുസ്തകത്തിന്റെ കോപ്പി 84 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തി. പാഡി റിയോര്‍ഡന്‍ എന്നയാളാണ് തന്റെ മുത്തച്ഛന്‍ കൊണ്ടുപോയ പുസ്തകം തിരികെ ഏല്‍പ്പിച്ചത്. അതിനൊപ്പം പിഴയും ലൈബ്രറിയെ ഏല്‍പ്പിച്ചു’ എന്ന് ലൈബ്രറി സാമൂഹിക മാധ്യമത്തില്‍ എഴുതി.
പുസ്തകം വായിച്ചു കഴിഞ്ഞാലുടനെ തിരികെ ഏല്‍പ്പിക്കണം എന്നും അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും എന്നുമൊക്കെ പുസ്തകത്തില്‍ തന്നെ എഴുതിയിരിക്കുന്നതും കാണാം. ഏതായാലും ഇത്രയധികം വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ഒരു പുസ്തകം തിരികെ എത്തിയ പോസ്റ്റ് കണ്ട് നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. എത്ര സന്തോഷമുള്ള കാര്യമാണ് അത് എന്ന് പലരും പോസ്റ്റിനോട് പ്രതികരിച്ചു.