വന്ദേ ഭാരത് ഉദ്ഘാടനച്ചടങ്ങില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് വേദിയില്‍ കയറാതെ മമത
1 min readകൊല്‍ക്കത്ത: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് ചടങ്ങില്‍ വേദിയില്‍ കയറാന്‍ കൂട്ടാക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്റെ ഫഌഗ് ഓഫ് ചടങ്ങിനിടെ വേദിയിലേക്ക് കയറാന്‍ മമത കൂട്ടാക്കിയില്ല. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയതോടെയാണ് മമത അസ്വസ്ഥയായത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ബിജെപി അനുകൂലികള്‍ ജയ് ശ്രീ റാം മുദ്രാവാക്യം ഉയര്‍ത്തുന്ന പതിവുണ്ടായിരുന്നു. ഇതാണ് മമതയുടെ അസ്വസ്ഥതയ്ക്ക് കാരണം. കാണികള്‍ക്കൊപ്പം കസേരയില്‍ ഇരുന്നാണ് മമത പ്രതിഷേധമറിയിച്ചത്.
ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ മമത അനുശോചിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി അങ്ങേക്ക് ഏറെ ദുഃഖകരവും നഷ്ടമുളവാക്കിയതുമാണ് ഈ ദിവസം എന്നറിയാം. ഈ ദുഃഖം സഹിക്കാന്‍ ഈശ്വരന്‍ അങ്ങേക്ക് കരുത്തേകട്ടെ. അങ്ങയുടെ അമ്മയുടെ മരണം സംഭവിച്ചതിനാല്‍ ബംഗാളിലെത്താനും ഈ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാനും അങ്ങേക്ക് സാധിച്ചില്ലെങ്കിലും ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തതിന് അങ്ങേക്ക് നന്ദിയറിയിക്കുന്നു എന്നും മമത പറഞ്ഞു.