ബഹ്റൈനില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 28 പേരെ രക്ഷപ്പെടുത്തി
1 min read
മനാമ: ബഹ്റൈനില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 28 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഹൂറയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിച്ചതോടെ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
രാവിലെ 9.30യ്ക്കാണ് തീപിടിത്തമുണ്ടായത്.വിവരം ലഭിച്ച ഉടന്‍ 11 ഫയര്‍ എഞ്ചിനുകളും മറ്റ് അടിയന്തര സേവനത്തിനുള്ള വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചു. നിരവധി നിലകളിലേക്ക് തീ പടര്‍ന്നെങ്കിലും വിജയകരമായി നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 13 പേരെ ക്രെയിന്‍ ഉപയോഗിച്ചും 15 പേരെ പ്രവേശനസ്ഥലത്ത് കൂടിയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
മൂന്നുപേര്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് പുക ഉയര്‍ന്നതോടെ അടുത്തുള്ള ഹോട്ടലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.