അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി, നിയമനം 9 മാസത്തിന് ശേഷം
1 min readന്യൂഡൽഹി:ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചു. ജനറൽ ബിപിൽ റാവത്തിന്റെ മരണം കഴിഞ്ഞ് 9 മാസത്തിന് ശേഷമാണ് പുതിയ നിയമനം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും.
ബിപിൻ റാവത്തിന് ശേഷം രണ്ടാമത്തെ സംയുക്ത സൈനിക മോധാവിയായാണ് അദേഹം ചുമതലയേൽക്കുന്നത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ അനുഭവ സമ്പത്തുള്ളയാളാണ് അനിൽ ചൗഹാൻ. 40 വർഷത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹം നിരവധി കമാൻഡുകൾ നിർവഹിച്ചിട്ടുണ്ട്. 1961 മെയ് 18 ന് ജനിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ 1981 ൽ ഇന്ത്യൻ ആർമിയുടെ 11 ഗൂർഖാ റൈഫിൾസിൽ ചേർന്നു
മേജർ ജനറൽ റാങ്കിലുള്ള അനിൽ ചൗഹാൻ നോർത്തേൺ കമാൻഡിലെ നിർണായകമായ ബാരാമുള്ള സെക്ടറിലെ ഒരു കാലാൾപ്പട വിഭാഗത്തിന്റെ തലവനായിരുന്നു. 2019 സെപ്റ്റംബർ മുതൽ ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി നിയമിതനായ അദ്ദേഹം 2021 മെയ് മാസത്തിലാണ് വിരമിച്ചത്. 2021 ഡിസംബർ 8-ന് തമിഴ്നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് മരിച്ചതോടെയാണ് പുതിയ സിഡിഎസിനെ തിരഞ്ഞെടുത്തത്. ബിപിൻറാവത്തിന്റെ ഭാര്യയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും അപകടത്തിൽ മരിച്ചിരുന്നു.