കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തുമോ?; സോണിയയും രാഹുലുമായി ചര്‍ച്ചക്ക് ഖാര്‍ഗെ

1 min read

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കാന്‍ കോണ്‍?ഗ്രസ്. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചനടത്തും. ജോഡോ യാത്രയില്‍നിന്ന് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ദില്ലിയിലെത്തിയ ശേഷമായിരിക്കും ചര്‍ച്ച. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനും നീക്കം നടക്കുന്നു. ശശി തരൂരിനെ ഉള്‍പ്പെടുന്നത് പാര്‍ട്ടിയുടെ ജനാധിപത്യമുഖം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

സമവായത്തിലൂടെ അംഗങ്ങളെ തെരെഞ്ഞെടുക്കാനാണ് നീക്കം. അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവര്‍ത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷന്‍ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിര്‍ദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവര്‍ത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാര്‍ട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ് മല്ലികാര്‍ജ്ജുന ഖര്‍ഗെയും കൂടെയുള്ളവര്‍ക്ക് നല്കുന്നത്.

മത്സരം നടന്നാല്‍ പാര്‍ട്ടിയിലത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും എന്നാണ് വാദം. എന്നാല്‍ നേതൃത്വത്തോട് അടുപ്പമുള്ളവരെ നിലനിറുത്താനാണ് നീക്കം എന്നാണ് സൂചന. അധ്യക്ഷന്‍ തെക്കെ ഇന്ത്യയില്‍ നിന്നായതിനാല്‍ പ്രവര്‍ത്തക സമതിയിലേക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കുടുതല്‍ പരിഗണന കിട്ടും. ശശി തരൂരിനെ പതിനൊന്ന് നോമിനേറ്റഡ് അംഗങ്ങളിലൊരാളായി ഉള്‍പ്പെടുത്തണം എന്നാണ് കൂടെയുള്ളവരുടെ ആവശ്യം. 1072 വോട്ട് കിട്ടിയ തരൂര്‍ ഇനി വീണ്ടും മത്സരിച്ച് അംഗമാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കത്തു നല്കും. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, തുടങ്ങിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രവര്‍ത്തക സമിതി അംഗത്വം പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തക്കാരെ തിരുകി കേറ്റുന്നു എങ്കില്‍ മത്സരം ആവശ്യപ്പെടാനാണ് ജി 23 നേതാക്കളുടെയും നീക്കം.

Related posts:

Leave a Reply

Your email address will not be published.