ജോഡോയാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ്
1 min readകൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. രോഗികളാല്‍ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്മശാനങ്ങളില്‍ മൃത്ദേഹങ്ങള്‍ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാല്‍ മരിച്ചവരുടെ കണക്ക് പുറത്ത് വിടാന്‍ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധന. ചൈനയെ കൂടാതെ ജപ്പാന്, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു