ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിന്റെ ലക്ഷ്യം സോഷ്യല്‍ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപില്‍ സിബല്‍
1 min readരാജ്യത്തെ ഐടി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങള്‍ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും. വിമ!ര്‍ശിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം സുരക്ഷിതവും സുതാര്യവുമായ ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐടി ചട്ട ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെടുന്ന പരാതി പരിഹാര സമിതി ഉടന്‍ നിലവില്‍വരും. പരാതി പരിഹാരത്തിനുള്ള 72 മണിക്കൂര്‍ സമയ പരിധി ഭാവിയില്‍ കുറയ്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം സമൂഹമാധ്യമ കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രനീക്കമെന്ന വിമര്‍ശനം ശക്തമാണ്.
സമൂഹമാധ്യമ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കി ഐടി ചട്ടങ്ങളില്‍ ഭേദദഗതിവരുത്തി അന്തിമ വിജ്ഞാപനം കഴിഞ്ഞ രാത്രിയാണ് കേന്ദ്രം പുറത്തിറക്കിയത്. സുരക്ഷിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും തടയാനാണ് ശ്രമമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വിദേശത്തെയും സ്വദേശത്തെയും സമൂഹമാധ്യമ കമ്പനികള്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണം. 72 മണിക്കൂറിനകം ഉപഭോക്താക്കളുടെ പരാതിയില്‍ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം. ഒരു സര്‍ക്കാര്‍ പ്രതിനിധിയും രണ്ട് സ്വതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി. സമിതിയുടെ നടപടിയിലും തൃപ്തരല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് നീക്കമെന്ന വിമര്‍ശനം മന്ത്രി നിഷേധിച്ചു. പുതിയ ഭേദഗതി കമ്പനികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ട്വിറ്ററുള്‍പ്പടെയുള്ള സമൂഹമാധ്യമ കമ്പനികളുമായി പലകുറി കേന്ദ്രം ഇടഞ്ഞിരുന്നു.