ബിജെപി വനിതാ നേതാക്കളെ അപമാനിച്ച് ഡിഎംകെ നേതാവ്, ‘സ്ത്രീ എന്ന നിലയില്‍ മാപ്പ്’ പറഞ്ഞ് കനിമൊഴി

1 min read

ചെന്നൈ : ബിജെപിയുടെ വനിതാ നേതാക്കളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കനിമൊഴി. സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് ചോദിക്കുന്നുവെന്ന് കനിമൊഴി ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മോശം പരാമര്‍ശത്തില്‍ ഡിഎംകെയെ ചോദ്യം ചെയ്ത നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. സിനിമാ അഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ബിജെപി വനിതാ നേതാക്കളെ അപമാനിച്ച് ഡിഎംകെ നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

‘ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ആരൊക്കെ ചെയ്താലും എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല. എന്റെ നേതാവ് എം കെ സ്റ്റാലിനും എന്റെ പാര്‍ട്ടിയും ഇത് അംഗീകരിക്കുന്നില്ല, അതിനാല്‍ ഞാന്‍ പരസ്യമായി തന്നെ മാപ്പ് പറയുന്നു’ കനിമൊഴി ട്വീറ്റ് ചെയ്തു. കനിമൊഴിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

”പുരുഷന്‍മാര്‍ സ്ത്രീകളെ അപമാനിക്കുമ്പോള്‍, അവരെ വളര്‍ത്തിയെടുത്ത രീതിയും വളര്‍ന്നുവന്ന ചുറ്റുപാടുമാണ് അത് കാണിക്കുന്നത്. സ്ത്രീയുടെ ഗര്‍ഭപാത്രത്തെയാണ് ഇത്തരം പുരുഷന്‍മാര്‍ അപമാനിക്കുന്നത്. ഇവര്‍ പക്ഷേ കലൈഞ്ജറുടെ പിന്തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെടുന്നു. ഇതാണോ സ്റ്റാലിന്‍ ഭരണത്തിന് കീഴിലുള്ള പുതിയ ദ്രാവിഡ മോഡല്‍”. ഖുശ്ബു കനിമൊഴിയെ മെന്‍ഷന്‍ ചെയ്ത് ട്വീറ്റ് ചെയ്തു.

സ്ത്രീകളെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നിരന്തരമായി ഡിഎംകെ നേതാക്കളില്‍ നിന്ന് പുറത്തുവരുന്നുണ്ട്. തന്റെ പാര്‍ട്ടിക്കാരുടെ ഇത്തരം പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടുത്തിടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അവര്‍ തനിക്ക് ‘ഉറക്കമില്ലാത്ത രാത്രികള്‍’ സമ്മാനിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ‘ചിലരുടെ പെരുമാറ്റം കാരണം പാര്‍ട്ടി പരിഹാസത്തിനും നാണക്കേടിനും പാത്രമായി,’ ഈ മാസം ആദ്യം നടന്ന പാര്‍ട്ടി യോഗത്തില്‍ സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്കുശേഷം, ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും വക്താവുമായ കെഎസ് രാധാകൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടിവന്നു.

ഡിലീറ്റ് ചെയ്ത ട്വീറ്റില്‍, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച രാധാകൃഷ്ണന്‍ ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഭരിക്കുന്നത് സോണിയ ഗാന്ധിയായിരിക്കുമെന്ന് മന്‍മോഹന്‍ സിംഗിനെ പരാമര്‍ശിച്ചുകൊണ്ട് സൂചിപ്പിച്ചിരുന്നു. സൗജന്യ ബസ് യാത്ര ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ അപകീര്‍ത്തികരമായ പരാമര്‍ശം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാതികളെ കുറിച്ച് മുന്‍ മന്ത്രിയും എംപിയുമായ എ രാജ നടത്തിയ പരാമര്‍ശവും കഴിഞ്ഞ മാസം വിവാദമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.