എല്‍ദോസ് പാര്‍ട്ടിക്ക് മറുപടി നല്കി; കോടതി വിധി നോക്കിയല്ല, സുധാകരന്
1 min readബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എംഎല്‍എയുടെ മറുപടി വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എല്‍ദോസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാര്‍ട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരന് വ്യക്തമാക്കി.
അതേസമയം, ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുക. എംഎല്‍എക്കെതിരെ ചുമത്തിയ വധശ്രമം ഉള്‍പ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല. കൂടുതല്‍ പേര് ഉള്‍പ്പെട്ടതും, ഗൂഢാലോചനയും ഉള്‍പ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന് ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ എംഎല്‍എയ്ക്ക് മേലുള്ളത്.