ഇഡി തലപ്പത്ത് മിശ്രയുടെ കാലാവധി നീട്ടിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി ജസ്റ്റിസ് പിന്മാറി

1 min read

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയതിനെതിരെ ഹര്‍ജി. കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹ്‌വ മൊയ്ത്ര എന്നിവരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് എസ് കെ കൗള്‍ പിന്മാറി. കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ് കെ കൗള്‍ നിര്‍ദ്ദേശം നല്‍കി.ഇന്നലെ കേന്ദ്രസര്‍ക്കാര്‍ എസ് കെ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു.

ഇത് മൂന്നാം തവണയാണ് എസ് കെ മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത്. 2020 ലാണ് ഇദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് കാലവധി നീട്ടി നിയമിച്ചത്. പിന്നീട് 2021 ലും ഇത് ആവര്‍ത്തിച്ചു. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് ആദ്യമായാണ് ഒരാള്‍ക്ക് കാലാവധി ഇങ്ങനെ നീട്ടി നല്‍കുന്നത്. നേരത്തെ സെന്‍ട്രല്‍ ഏജന്‍സികളുടെ തലപ്പത്ത് ഒരാള്‍ക്ക് രണ്ട് വര്‍ഷമായിരുന്നു സേവന കാലാവധി ലഭിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വഴി ഇത് അഞ്ച് വര്‍ഷം വരെയാക്കി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലായി. മൂന്നാം വട്ടം കാലാവധി ദീര്‍ഘിപ്പിച്ചതോടെ 2023 ല്‍ എസ് കെ മിശ്ര ഇഡി തലപ്പത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.

ഇദ്ദേഹത്തിന് 2020 ല്‍ കാലാവധി നീട്ടി നല്‍കിയ സമയത്തും അത് നിയമപോരാട്ടത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ കാലാവധി നീട്ടലില്‍ ഇടപെട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇത്തരത്തില്‍ കാലാവധി നീട്ടിനല്‍കാമെന്നായിരുന്നു അന്നത്തെ സുപ്രീം കോടതിയുടെ നിലപാട്.

Related posts:

Leave a Reply

Your email address will not be published.