വിവാഹപൂര്‍വ ലൈംഗികത നിരോധിച്ചു, അവിവാഹിതര്‍ ഒരുമിച്ച് താമസിക്കാനും പാടില്ല; നിയമം പാസാക്കി ഇന്തോനേഷ്യ
1 min read
ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും നിയമം ബാധകമാണ്. ഏകപക്ഷീയമായാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
പ്രസിഡന്റിനെ അപമാനിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കി. ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുത്തെന്നും കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാന്‍ സമയമായെന്നും നിയമമന്ത്രി യാസോന ലാവോലി, പാര്‍ലമെന്റില്‍ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ബില്ലാണ് വീണ്ടും പാസാക്കിയത്.
വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ ഭാര്യയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. വിചാരണ കോടതിയില്‍ വിചാരണ ആരംഭിക്കും മുമ്പേ പരാതികള്‍ പിന്‍വലിക്കാമെന്നും പറയുന്നു. മൂന്ന് വര്‍ഷം മുമ്പും ഈ നിയമം പാസാക്കാന്‍ നീക്കം നടന്നെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബില്ലിനെതിരെ തെരുവിലിറങ്ങിയത്.
പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യന്‍ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാക്കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, എല്‍ജിബിടി വിഭാഗം എന്നിവരോട് വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ നിയമം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രംഗത്തുള്ളവര്‍ പ്രകടിപ്പിച്ചു