പരീക്ഷണത്തില്‍ വീണ്ടും കരുത്തുറപ്പിച്ച് അഗ്‌നി 5; മിസൈല്‍ മുനയില്‍ ചൈനയും

1 min read

ബാലസോര്‍ (ഒഡീഷ) ന്മ ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡ!ാന്തര ബാലിസ്റ്റിക് മിസൈല്‍ ‘അഗ്‌നി –5’ന്റെ രാത്രി പരീക്ഷണം വിജയം. 5,400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍നിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം.

അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെയാണ്, ഇന്ത്യ വിജയകരമായി മിസൈല്‍ പരീക്ഷണം നടത്തിയത്. അഗ്‌നി 5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉള്‍പ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട്.

2012 ല്‍ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്‌നി 5 മിസൈലിന്റെ ഒന്‍പതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്‌നി1 (ദൂരപരിധി: 700 കിലോമീറ്റര്‍), അഗ്‌നി2 (2000 കിലോമീറ്റര്‍), അഗ്‌നി3, 4 (2500-3000 കിലോമീറ്റര്‍) എന്നീ മിസൈലുകള്‍ നിലവില്‍ ഇന്ത്യക്കുണ്ട്.

ഇവയ്ക്കു പുറമെ, 8000 കിലോമീറ്റര്‍ മുതല്‍ 10,000 കിലോമീറ്റര്‍ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ‘അഗ്‌നി 6’ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കടലില്‍നിന്നും കരയില്‍നിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിര്‍മാണം.

Related posts:

Leave a Reply

Your email address will not be published.