തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’: അറസ്റ്റിലായവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹൈക്കോടതി

1 min read

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതിയിലെ (ബിആര്‍എസ്) എംഎല്‍എമാരെ പണം കൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ പൊലീസിന് കസ്റ്റഡിയില്‍ വാങ്ങാമെന്ന് തെലങ്കാന ഹൈക്കോടതി ശനിയാഴ്ച വിധിച്ചു.

ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇവരെ വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി. പ്രതികളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന സെക്ഷന്‍ 41 പ്രകാരം നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച അഴിമതി വിരുദ്ധ ബ്യൂറോ കോടതി
കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഴിമതി നിരോധന നിയമം ഈ കേസില്‍ ബാധകമല്ലെന്ന് പറഞ്ഞ് ഇവരെ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഹൈദരാബാദിന് സമീപമുള്ള ഫാംഹൗസില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ബി.ആര്‍.എസിന്റെ നാല് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയിലേക്ക് പാര്‍ട്ടിമാറാന്‍ കൈക്കൂലി നല്‍കിയ സംഭവത്തിലാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതോടെ ബിആര്‍എസ് ‘ഓപ്പറേഷന്‍ താമര’ തെലങ്കാനയില്‍ നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം സജീവമാക്കിയിരുന്നു.

നിര്‍ണായകമായ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആര്‍എസ് നിയമസഭാംഗങ്ങളെ കൂറുമാറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാത്രി മൂന്ന് പേരെ തെലങ്കാന പൊലീസ് പിടികൂടിയത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. പാര്‍ട്ടി മാറാന്‍ തങ്ങളെ പ്രലോഭിപ്പിക്കാന്‍ കൈക്കൂലി വാഗ്ദാനം ഉണ്ടെന്ന് പറഞ്ഞ് എംഎല്‍എമാരാണ് പോലീസിന് വിവരം നല്‍കിയത് എന്നാണ് പോലീസ് മേധാവി എന്‍ഡിടിവിയോട് പറഞ്ഞത്. പാര്‍ട്ടി മാറാന്‍ വലിയ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി അവര്‍ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ‘ഓപ്പറേഷന്‍ താമര’ നാടകം സംഘടിപ്പിച്ചതെന്ന് തെലങ്കാന ബിജെപി ആരോപിക്കുന്നത്. ബിജെപി ഇത് വ്യാജകേസ് ആണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.