ഇലന്തൂര്‍ ഇരട്ട നരബലിയില്‍ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
1 min readകോട്ടയം: വിവാദമായ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്‌ളിന്റെ മക്കളായ മഞ്ജുവും , സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്‌ളിന്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡി എന്‍ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബര്‍ 20 ന് കൈമാറിയിരുന്നു. പദ്മയുടെ ഡിഎന്‍എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തു.
നരബലി നടത്തിയശേഷം റോസ്‌ലിന്റെയും പദ്മയുടെയും ശരീരഭാഗങ്ങള്‍ അറവുശാലയിലേതുപോലെ അറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. നരബലി നടത്തിയാല്‍ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ് ഷാഫി പറഞ്ഞു വിശ്വസിപ്പിച്ചത്. മനുഷ്യമാസം കഴിക്കുന്നവരുണ്ട്. ഇതുവെച്ച് പൂജ നടത്തുന്ന സിദ്ധന്മാരുമുണ്ട്. മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാല്‍ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്.
ബെംഗലൂരുവില്‍ ഇതിന് പ്രത്യേകം ആളുകളുണ്ട്. നരബലിക്ക് തൊട്ടടടുത്ത ദിവസം ഇവര്‍ വന്ന് മാംസം വാങ്ങിക്കൊണ്ടുപോകുമെന്നും പറഞ്ഞു. റോസ്‌ലിനെ കൊലപ്പെടുത്തിയശേഷം മാംസം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഹൃദയവും കരളും വൃക്കയും സിപ് ബാഗിലാക്കിയാണ് വെച്ചത്. ഇതിന് കൂടുതല്‍ പൈസ കിട്ടുമെന്നായിരുന്നു പറഞ്ഞത്. ഇടപാടുകാര്‍ തൊട്ടടുത്ത ദിവസം രാവിലെ വരുമെന്നും പറഞ്ഞു. എന്നാല്‍ ആരും വന്നില്ല.
റോസ്‌ലിനെ കൊന്ന രീതിയും സമയവും ശരിയായില്ലെന്നും അതുകൊണ്ടുതന്നെ ഈ മാംസം ആവശ്യമുളള സിദ്ധന്‍ വേണ്ടെന്നു പറഞ്ഞെന്നുമാണ് ഷാഫി ഇവരെ പറഞ്ഞു വിശ്വപ്പിച്ചത്. തൊട്ടുപിന്നാലെ ശരീരഭാഗങ്ങള്‍ മറവുചെയ്തു. ആദ്യ നരബലിയ്ക്കുശേഷവും സാമ്പത്തികാഭിവൃദ്ധി ഉണ്ടായില്ലെന്നും താന്‍ കടം വാങ്ങിയ ആറ് ലക്ഷത്തോളം രൂപ തിരികെ വേണമെന്ന് ഭഗവത് സിംഗ് ശല്യപ്പെടുത്തിത്തുടങ്ങിയതോടെയാണ് രണ്ടാമത്തെ കൊലപാതകത്തിനായി പദ്മയെ കണ്ടെത്തിയതെന്നുമാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. മനുഷ്യമാസം വിറ്റ് വലിയ പൈസയുണ്ടാക്കാമെന്നും ഇത്തവണയും പറഞ്ഞുവിശ്വസിപ്പിച്ചു. എന്നാല്‍ രണ്ടാമത്തെ കൊലപാതകത്തില്‍ തനിക്ക് പിഴച്ചുപോയി. ഭാഗവത് സിംഗിനേയും ലൈലയേയും കൂടി കൊലപാതകത്തില്‍ പങ്കാളികളാക്കിയാല്‍ കടം വാങ്ങിയ ആറു ലക്ഷം കൊടുക്കേണ്ടെന്നു മാത്രമല്ല ബ്ലാക് മെയില്‍ ചെയ്ത കൂടുതല്‍ പണം തട്ടിയെടുക്കാമെന്ന് കണക്കുകൂട്ടിയെന്നുമാണ് ഷാഫി ആവര്‍ത്തിക്കുന്നത്.