അവയവങ്ങൾ വാങ്ങുന്നതിനു ബെംഗളൂരുവിൽനിന്ന് ആളെത്തും; ഷാഫി പറഞ്ഞതായി പ്രതികള്‍

1 min read

പത്തനംതിട്ട: നരബലിക്കേസിൽ അവയവങ്ങള്‍ മാറ്റിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍. പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയുമാണ് പുതിയ വിവരങ്ങള്‍ പോലീസിനു നല്‍കിയത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു. ഈ ചോദ്യത്തിനാണ് മുഖ്യപ്രതി ഷാഫിയിലേക്ക് കൂട്ടുപ്രതികള്‍ വിരല്‍ ചൂണ്ടിയത്. അവയവങ്ങൾ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിർദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴി.

അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങുന്നതിനായി ബെംഗളൂരുവിൽനിന്ന് ആളെത്തുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

പ്രതികളുടെ മൊഴികൾ‌ സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. . ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നും പിന്നീട് കുഴിയിൽ നിക്ഷേപിച്ചെന്നുമാണ് പ്രതികൾ പറയുന്നത്.

പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക.‌

രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

Related posts:

Leave a Reply

Your email address will not be published.