ഹിമാചല്‍ തെരഞ്ഞെടുപ്പ്: അംആദ്മിക്ക് ശ്രദ്ദ ഗുജറാത്തില്‍

1 min read

ഷിംല : കാടിളക്കി പ്രചാരണം തുടങ്ങിയ ആംആദ്മി പാര്‍ട്ടി ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് മായുന്നു. കെജ്രിവാളുള്‍പ്പടെ കേന്ദ്രനേതാക്കളാരും അവസാനഘട്ടത്തില്‍ പ്രചാരണത്തിനില്ല. സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പിന്‍വാങ്ങല്‍. ഗുജറാത്തില്‍ മാത്രം നേതാക്കള്‍ ശ്രദ്ധയുന്നുന്നതില്‍ അണികളും നിരാശരാണ്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ആപ്പ് ഇനി, ആര്‍ക്ക് ആപ്പ് വയ്ക്കുമെന്നതാണ് നിര്‍ണായകം.

പഞ്ചാബിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഹിമാചലും തൂത്തുവാരാമെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനം തുടങ്ങി രംഗത്തിറങ്ങിയതാണ് ആംആദ്മി പാര്‍ട്ടി. 68 ല്‍ 67 മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഇതോടെ ത്രികോണ പോരിന് കളമൊരുങ്ങി. എന്നാല്‍ ആവേശം പിന്നീട് പതിയെ പതിയെ ഇല്ലാതാകുന്നതാണ് കണ്ടത്. കാരണങ്ങള്‍ പലതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും വലിയ സംഘടനാ സംവിധാനങ്ങളുള്ള സംസ്ഥാനത്ത് കളി എളുപ്പമല്ല.

പാര്‍ട്ടിക്കകത്തും പ്രശ്‌നങ്ങള്‍ തലപൊക്കി. ഒപ്പം ഗുജറാത്തില്‍ ശ്രദ്ദയൂന്നുന്നതാകും നേട്ടമുണ്ടാക്കാന്‍ കഴിയുകയെന്ന് നേതൃത്ത്വം വിലയിരുത്തി. ഇതോടെ ആപ്പ് പത്തി മടക്കിയെന്ന് വിലയിരുത്തലായി. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സീ വോട്ടര്‍ സര്‍വേയില്‍ 3 ശതമാനം വോട്ട് മാത്രമാണ് ആപ്പ് നേടുകയെന്നാണ് പ്രവചനം. എന്നാല്‍ 5 മണ്ഡലങ്ങളില്‍ പാര്‍ട്ടി ശക്തമായ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷ.

കാംഗ്ര ഫത്തേപൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മുന്‍ ബിജെപി എംപി രാജന്‍ സുഷാന്ത്, സിര്‍മൗര്‍ പവോന്താ സാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന മനീഷ് താക്കൂര്‍, സോലനില്‍ മത്സരിക്കുന്ന മുന്‍ ബിജെപി എസ് സി മോര്‍ച്ചാ അധ്യക്ഷനായിരുന്ന ഹര്‍മേല്‍ ധിമാന്‍ , കസൗളില്‍ മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കൂടിയായിരുന്ന ധരം പാല്‍ ചൗഹാന്‍, മണ്ഡി നാചനില്‍നിന്നുള്ള ജബ്‌ന ചൗഹാന്‍ എന്നിവരാണ് മത്സരം കടുപ്പിക്കുമെന്ന് പാര്‍ട്ടി കരുതുന്നത്. അതേസമയം നഗരമേഖലകളിലെങ്കിലും ശക്തമായ സാന്നിധ്യമാകുമെന്ന പ്രതീക്ഷ പാര്‍ട്ടി ഇനിയും കൈവിട്ടിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 68 ല്‍ 34 മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വിമത ഭീഷണിയും ശക്തമായ ഇത്തവണ ആപ്പിന് കിട്ടുന്ന വോട്ട് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ജയപരാജയങ്ങളില്‍ നിര്‍ണായകമാകുമെന്ന് ചുരുക്കം.

Related posts:

Leave a Reply

Your email address will not be published.