തണുത്ത് വിറച്ച് ഉത്തരേന്ത്യയില്‍ വ്യോമ, ട്രെയിന്‍ ഗതാഗതങ്ങള്‍ക്ക് പ്രതിസന്ധിയില്‍

1 min read

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, റെയില്‍ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാള്‍ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്നത്.

പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍മഞ്ഞുമുണ്ടായതോടെ ഞായറാഴ്ച 88 തീവണ്ടികള്‍ റദ്ദാക്കി. 335 എണ്ണം വൈകിയോടുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്നുള്ള 25 വിമാനങ്ങളും വൈകിയാണ് സര്‍വ്വീസ് നടത്തിയത്. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നില്ലെന്നത് ആശ്വാസകരമാണ്.

പഞ്ചാബിലെ ഭട്ടിന്‍ഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായിരുന്നു. പഞ്ചാബിലെ പട്യാല, ചണ്ഡീഗഢ്, ഹരിയാണയിലെ ഹിസാര്‍, രാജസ്ഥാനിലെ അല്‍വര്‍, യു.പി.യിലെ ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ 25 മീറ്ററും ഡല്‍ഹി (പാലം), പഞ്ചാബിലെ അമൃത്‌സര്‍, ലുധിയാന, യു.പി.യിലെ വാരാണസി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലും 50 മീറ്ററുമായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ കാഴ്ചപരിധി. കാഴ്ചപരിധി പൂജ്യത്തിനും അമ്പതിനുമിടയിലാണെങ്കില്‍ വളരെ കനത്ത മൂടല്‍മഞ്ഞായി കണക്കാക്കും. കാഴ്ചപരിധി 51നും 200നുമിടയിലാണെങ്കില്‍ കനത്ത മൂടല്‍മഞ്ഞ്, 201നും 500നും ഇടയിലാണെങ്കില്‍ ഇടത്തരം, 501നും ആയിരത്തിനുമിടയിലാണെങ്കില്‍ സാധാരണം എന്നിങ്ങനെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം ശനിയാഴ്ച മുതല്‍ 48 മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൊടുംതണുപ്പില്‍ അധികനേരം തുടരുന്നത് ഫ്രോസ്റ്റ്‌ബൈറ്റിന് കാരണമായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വൈറ്റമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് അവര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.