ഗുജറാത്തിലെ വിജയം, മോദിയുടെത്: അന്താരാഷ്ട്ര മാധ്യമങ്ങള്‍
1 min read
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയുടെ വിജയം വന്‍ തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. സിംഗപ്പൂരിലെ സ്‌ട്രെയിറ്റ്‌സ് ടൈംസ്, നിക്കി ഏഷ്യ, അല്‍ ജസീറ, ഇന്‍ഡിപെന്‍ഡന്റ്, എബിസി ന്യൂസ്, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബിജെപിയുടെ പ്രധാനമന്ത്രി മോദിയുടെ ജന്മസംസ്ഥാനത്തെ വിജയം വലിയ വാര്‍ത്തയായി.
വ്യാഴാഴ്ച ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപി 156 സീറ്റുകള്‍ നേടിയാണ് ചരിത്ര വിജയം നേടിയത്. ഒരു കക്ഷി ഗുജറാത്ത് നിയമസഭയില്‍ നേടുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. ഗുജറാത്തില്‍ ബിജെപി നേടുന്ന തുടര്‍ച്ചയായ ഏഴാം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂടിയാണ് ഇത്.
പ്രധാനമന്ത്രി മോദി അടക്കം പങ്കെടുത്ത ദില്ലിയിലെ ബിജെപിയുടെ വിജയാഘോഷത്തിന്റെ ഫോട്ടോകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം പിടിച്ചു. 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ജനപിന്തുണ ശക്തമാണ് എന്ന സൂചനയാണ് ഈ വിജയം നല്‍കുന്നത് എന്നും, പ്രധാനമന്ത്രി ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പിലേക്ക് കാര്യമായ ഉത്തേജനം നല്‍കിയെന്നുമാണ് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1995 മുതല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിട്ടില്ലെന്ന് ഉദ്ധരിച്ച് ജപ്പാനിലെ നിക്കി ഏഷ്യ ഗുജറാത്തിലെ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയാണ് ഈ വിജയത്തിന് കാരണമെന്ന് അഭിപ്രായപ്പെട്ടു. 2014ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 13 വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അവിടെ ജനപ്രീതിയുള്ളയാളാണെന്ന് നിക്കി ഏഷ്യ പറയുന്നു.
ബിജെപിയുടെ പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നിരവധി പ്രചാരണ റാലികള്‍ നടത്തിയെന്ന് ജാപ്പനീസ് ദിനപത്രം പറഞ്ഞു. ‘ഗുജറാത്തില്‍ ജനിച്ച മോദി ആഗോള തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്ന വസ്തുതയില്‍ ഗുജറാത്തികള്‍ അഭിമാനിക്കുന്നു, അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള മനോഭാവമാണ് ആ സംസ്ഥാനത്ത് ഉള്ളത്’ പത്രം കൂട്ടിച്ചേര്‍ത്തു.
2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ റെക്കോര്‍ഡ് വിജയം ബിജെപിക്ക് വലിയ ഉത്തേജനമാണെന്ന് യുകെ ആസ്ഥാനമായുള്ള ദി ഇന്‍ഡിപെന്‍ഡന്റ് പറഞ്ഞു.
ഗുജറാത്തിലെ ബിജെപിയുടെ അനായാസ വിജയം ഹിന്ദു വോട്ടുകളുടെ ആഴത്തിലുള്ള ഏകീകരണമാണ് കാണിക്കുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ അജയ് ഗുദാവര്‍ത്തിയെ ഉദ്ധരിച്ച് അല്‍ ജസീറയോട് പറഞ്ഞു.