ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ അജണ്ടയുടെ ഭാഗമെന്ന് യെച്ചൂരി
1 min readസംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണം രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദൃശ്യമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കാമെന്നും യെച്ചൂരി പറഞ്ഞു. ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പണ്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഫോര്‍വാര്‍ഡ് ബ്‌ളോക്ക് നേതാവ് ദേവരാജന്‍ എന്നിവരും പങ്കെടുത്തു.
അയോധ്യ ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ പദ്ധതി പോലെയാണ് നടത്തപ്പെടുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മിസോറാമിലും ഹിമാചലിലും കാണുന്നത് ചെറുപാര്‍ട്ടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ചെറു പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
‘വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലില്‍ പ്രസംഗിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളും യുക്തിയില്ലായ്മകള്‍ക്കുമെതിരെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കാമെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്പി ഏറെ പ്രധാനപ്പെട്ട പാര്‍ട്ടിയെന്ന് ജയറാം രമേശും പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രനെ പുകഴ്ത്തിയ ജയറാം രമേശ്, ആര്‍ എസ് പിയുമായി അടുപ്പം തോന്നാനുള്ള കാരണങ്ങളില്‍ ഒന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എന്ന മിടുക്കനായ പാര്‍ലമെന്റേറിയനാണെന്നും കൂട്ടിച്ചേര്‍ത്തു. തനിക്കേറ്റവും പ്രിയപ്പെട്ട പാര്‍ലമെന്റേറിയന്‍മാരില്‍ പി രാജീവും, എന്‍ കെ പ്രേമചന്ദ്രനുമാണെന്നും ജയറാം രമേശ് വെളിപ്പെടുത്തി.