ഏതെങ്കിലും ഒരുസഭയെ ഉദ്ദേശിച്ചല്ല വിമര്‍ശിച്ചതെന്ന് ജിജി തോംസണ്‍
1 min readഏതെങ്കിലും ഒരു സഭയെ ഉദ്ദേശിച്ചല്ല എല്ലാവരെയും ഉദ്ദേശിച്ചുള്ള പ്രസംഗമാണ് താന്‍ എടത്വായില്‍ അഞ്ചു സഭകളിലെ ബിഷപ്പുമാരെ വേദിയിലിരുത്തി നടത്തിയതെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.
മാര്‍ത്തോമ്മസഭയില്‍ മൂന്നു പുതിയ എപ്പിസ്‌കോപ്പമാരെ വാഴിക്കുന്നതിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനത്തിലാണ് മെത്രാന്‍മാരുടെ ആഡംബരഭ്രമത്തെ ജിജി തോംസണ്‍ വിമര്‍ശിച്ചത്. വിദേശത്തുപോയപ്പോള്‍ ഒരു മെത്രാന്റെ ഓഫീസില്‍ പോയെന്നും അവിടത്തെ ആഡംബര സൗകര്യങ്ങള്‍ കണ്ടപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ സി.ഇ.ഒ.യുടെ ഓഫീസ് പോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വൈദികന്‍ ഒരു പ്രൊഫഷണല്‍ അല്ല. ഇതു മനസ്സിലാക്കാത്ത വൈദികര്‍ അപ്രസക്തരാകുമെന്നതില്‍ ഒരു സംശയവുമില്ല. തിരുമേനിമാരെ വഷളാക്കുന്നതു വിശ്വാസികളാണ്. അവരോടു നമ്മള്‍ സങ്കടം ഉണര്‍ത്തിക്കാറേയുള്ളൂ. പറയാറില്ല. സഭയുടെ പരമാധ്യക്ഷന്‍ എന്നേ പറയൂ. പരം എന്നുവെച്ചാല്‍ അന്തിമം എന്നാണ്. അപ്പോള്‍ കര്‍ത്താവ് എവിടെപ്പോകും?
തിരുമേനി റോള്‍സ് റോയ്‌സില്‍ പോകണമെന്നു വിശ്വാസി നിര്‍ബന്ധംപിടിക്കും. തിരുമേനിമാര്‍ സംസാരിക്കില്ല, കല്പിക്കുകയേയുള്ളൂ. നടന്നുവരില്ല, എഴുന്നള്ളുകയേയുള്ളൂ. ഇരിക്കില്ല, ആരൂഢരാകുകയേയുള്ളൂ. അദ്ദേഹം വിമര്‍ശിച്ചു.