‘കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയ തൊഴിലാളി’: ബെനഡിക്ട് പതിനാറാമന് വിട

1 min read

റോം: പോപ് ഇമെരിറ്റഡ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടി 2013 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നത്. കത്തോലിക്ക സഭയുടെ തന്നെ 600 വര്‍ഷത്തെ ചരിത്രത്തില്‍ സ്ഥാനം രാജി വെക്കുന്ന ആദ്യ മാര്‍പാപ്പയായിരുന്നു എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍.

ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നാണ് ബനഡിക്ട് മാര്‍പാപ്പയായി ചുമതലയേല്‍ക്കുന്നത്. വെള്ളിയാഴ്ച ബെനഡിക്റ്റ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അദ്ദേഹത്തിന്റെ മുറിയില്‍ സ്വകാര്യ കുര്‍ബാനയില്‍ പങ്കെടുത്തതായും വത്തിക്കാന്‍ അറിയിച്ചിരുന്നു.

ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നാണ് ബനഡിക്ട് പതിനാറാമന്‍ അറിയപ്പെട്ടിരുന്നത്. 1927 ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ ആണ് ജനനം. പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു.

1941 ല്‍ ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നാണ് വൈദികവൃത്തിയില്‍ എത്തുന്നത്. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായി. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ നിലപാട് എടുത്തു. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ ആണ്.

Related posts:

Leave a Reply

Your email address will not be published.