ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

1 min read

ലോകഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരം പെലെ (82) അന്തരിച്ചു. വന്‍ കുടലിലെ കാന്‍സറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് സമയത്ത് സാവോപോളോയിലെ ആശുപത്രിയിലായിരുന്ന പെലെയുടെ ആരോഗ്യപരമായ വിവരങ്ങള്‍ മകള്‍ കെലി നെസിമെന്റോയിലൂടെ കൃത്യമായി പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ നിരാശയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് അല്പം മുന്‍പ് ഇതിഹാസത്തിന്റെ മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ മകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ക്യാന്‍സറിന് ശസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ട പെലെ ഇതിന് ശേഷം കീമോതെറാപ്പിക്കും വിധേയനായിരുന്നു. പെലെ ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുറത്ത് വന്ന അദ്ദേഹത്തിന്റെ വൈദ്യ റിപ്പോര്‍ട്ടുകള്‍.

ബ്രസീലിലെ പ്രശസ്ത ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തില്‍ 1957 ല്‍ ദേശീയ ടീമിലെത്തിയ പെലെ, അര്‍ജന്റീന ക്കെതിരെ കളിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയത്. ബ്രസീലിനായി കളിച്ച ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു ഗോള്‍ നേടാന്‍ പെലെക്ക് കഴിഞ്ഞു. ഒരു ഇതിഹാസ കരിയറിന്റെ തുടക്കമായിരുന്നു അത്.1958 ല്‍ ബ്രസീല്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ നിര്‍ണായക സാന്നിധ്യമായി പെലെ കൂടെയുണ്ടായിരുന്നു. പരിക്കിനോട് മല്ലിട്ടു കൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്. ആ വര്‍ഷത്തെ ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക്ക് നേടിയ പെലെ, ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ലോകകപ്പ്‌ഫൈനലില്‍ ആ വര്‍ഷം ബ്രസീല്‍, സ്വീഡനെ 52 ന് തകര്‍ക്കുമ്പോള്‍, ഇരട്ട ഗോളുകള്‍ നേടി പെലെ മിന്നി. തന്റെ കന്നി ലോകകപ്പിലെ മികച്ച യുവ താരമായും പെലെ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിന് ശേഷം 1962, 1970 വര്‍ഷങ്ങളിലും അദ്ദേഹം ബ്രസീലിനായി ലോകകപ്പില്‍ മുത്തമിട്ടു. അവസാനം കളിച്ച ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയായിരുന്നു പെലെയുടെ മടക്കം. ഇന്നും മൂന്ന് ലോകകപ്പുകള്‍ നേടിയിട്ടുള്ള ലോകത്തെ ഒരേയൊരു താരമാണ് പെലെ.
1957 ല്‍ അര്‍ജന്റീനക്കെതിരെ തുടങ്ങിയ അന്താരാഷ്ട്ര കരിയര്‍ 1971 ല്‍ പെലെ അവസാനിപ്പിച്ചു. യൂഗോസ്ലോവാക്യക്കെതിരെയായിരുന്നു ഇതിഹാസ താരം അവസാനമായി ദേശീയ ജേഴ്‌സിയണിഞ്ഞത്.92 കളികളില്‍ നിന്ന് 77 ഗോളുകള്‍ അടിച്ചു കൂട്ടിയതിന് ശേഷമായിരുന്നു പെലെ ബ്രസീല്‍ ജേഴ്‌സി അഴിച്ചു വെച്ചത്. ഇതിന് ശേഷവും ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന പെലെ 1977 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. കരിയറില്‍ എല്ലാ മത്സരങ്ങളിലുമായി 1281 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള പെലെ ഇതിന് ഗിന്നസ് ലോക റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.