പരാജയം ഭയന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാര്‍ട്ടി

1 min read

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാര്‍ട്ടി ആരോപണം. സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആംആദ്മി ആരോപിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ ജരിവാലയെയും കുടുംബാംഗങ്ങളെയും കാണാതായതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ അവസാനമായി കണ്ടത് സൂറത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കാണെന്നും ആംആദ്മി നേതാവ് പറയുന്നു.

റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലെത്തിയ ജാരിവാലയെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് സിസോദിയ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി ദയനീയമായി തോല്‍ക്കുകയാണെന്നും സൂറത്ത് ഈസ്റ്റില്‍ നിന്നുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് അവര്‍ തരംതാഴ്ന്നുവെന്ന് സിസോദിയ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തോല്‍വി ഭയന്ന് ബിജെപി ഗുണ്ടകള്‍ സൂറത്തില്‍ നിന്നുള്ള എഎപി സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജരിവാലയെ തട്ടിക്കൊണ്ടുപോയി. ജരിവാലയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കാന്‍ ബിജെപി ഗുണ്ടകളും ശ്രമിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ക്ക് പത്രികയില്‍ അപാകത ഇല്ലാതിരുന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും സിസോദിയ ആരോപിച്ചു.

ഇത് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകല്‍ മാത്രമല്ല, ജനാധിപത്യത്തെ തട്ടിക്കൊണ്ടുപോകലാണെന്നും ഗുജറാത്തില്‍ ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും സിസോദിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താനും. ഞങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെയും കുടുംബാംഗങ്ങളെയും കണ്ടെത്താനും തിരികെ കൊണ്ടുവരാനും ശ്രമം നടത്തണമെന്ന് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്ന് വിമര്‍ശിച്ച സിസോദിയ. തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിച്ചു. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവര്‍ത്തനവും സംശയകരമാണ് എന്ന് സിസോദിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

സൂറത്ത് ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പോകുന്ന ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത് ഒരു സാധാരണ സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും നീതിയുക്തവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായി സിസോദിയ പറഞ്ഞു.

തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സിസോദിയയും മറ്റ് പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രകടനം നടത്തി. നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Related posts:

Leave a Reply

Your email address will not be published.