ഓണം സ്‌പെഷ്യല്‍ ഡ്രൈവിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകള്‍; നടപടി തുടരും

1 min read

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകള്‍. . ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിലെ കണക്കുകളാണ് ഇത്. 802 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2425 അബ്കാരി കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 8441 കേസുകളും ഇതിൽ ഉൾപ്പെടുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. അനധികൃതമായി കടത്തിയ 6832 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1020 ലിറ്റര്‍ കള്ളും പിടികൂടി. 491 ലിറ്റര്‍ സ്പിരിറ്റും ഡ്രൈവിന്റെ ഭാഗമായി പിടിച്ചിട്ടുണ്ട്. 49,929 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. ഓണം ഡ്രൈവിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നുവരെ നീളുന്ന മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവും എക്‌സൈസ് ആരംഭിച്ചു.

രജിസ്റ്റർ ചെയ്ത 11,668 കേസുകളിൽ അബ്കാരി കേസുകളില്‍ 1988 പേരാണ് ആകെ അറസ്റ്റിലായത്. മയക്കുമരുന്ന് കേസുകളിൽ 824 പേരും പിടിയിലായി. 16306 റെയ്ഡുകളാണ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗായി എക്സൈസ് നടത്തിയത്. ഇതിൽ 1,46,773 വാഹനങ്ങളും പരിശോധിച്ചു. ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു 525.3 കിലോ കഞ്ചാവാണ് ആകെ പിടിച്ചെടുത്തത്. 397 കഞ്ചാവ് ചെടികളും പരിശോധനയിൽ കണ്ടെടുത്തു. 113 ഗ്രാം ഹെറോയിനാണ് ആകെ പിടിച്ചെടുത്തത്.

10.5 കിലോ ഹാഷിഷ് ഓയില്‍, 796 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 113 ഗ്രാം ഹെറോയിന്‍, 606.9ഗ്രാം എംഡിഎംഎ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. 1569.6 കിലോ അനധികൃത പുകയിലയാണ് ആകെ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 16.69 ലക്ഷം രൂപ ഫൈനും എക്സൈസ് ഈടാക്കി. അതേസമയം സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പുതിയ കർമ്മ പദ്ധതി കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിക്കും.എല്ലാവരെയും അണിനിരത്തിയുള്ള കര്‍മ്മപദ്ധതിയാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.