മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയത് പോലെ ഡമ്മി മുറിച്ചുകാണിച്ച് ഷാഫി, ചോദ്യങ്ങള്‍ക്ക് ചെറുചിരി മാത്രം
1 min readഇലന്തൂര്‍: ഇരട്ടനരബലിക്കേസില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയില്‍ പോലീസിനും ഫൊറന്‍സിക് സര്‍ജനും കാണിച്ചുകൊടുത്ത് ഒന്നാംപ്രതി ഷാഫി. കൊലപാതകം നടത്തിയ സ്ഥലമെന്ന് പ്രതികള്‍ പറഞ്ഞ ഇലന്തൂരിലെ കടകംപള്ളില്‍ വീട്ടില്‍ വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിലായിരുന്നു ഇത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ ഇത് നിരീക്ഷിച്ചു. ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫൊറന്‍സിക് മേധാവിയുടെ ഈ റിപ്പോര്‍ട്ട്.
കൊലപാതകം നടത്തിയ മുറിയിലായിരുന്നു ഡമ്മിയിലുള്ള പുനരാവിഷ്‌കാരം. ഇത് നടത്തുമ്പോള്‍ വീട്ടുടമയും രണ്ടാംപ്രതിയുമായ ഭഗവല്‍ സിങ്ങിനെയും പോലീസ് അടുത്തുനിര്‍ത്തിയിരുന്നു.
ഭഗവല്‍സിങ്ങിന്റെ ഭാര്യയും മൂന്നാംപ്രതിയുമായ ലൈലയെ വെള്ളിയാഴ്ചത്തെ തെളിവെടുപ്പിന് എത്തിച്ചില്ല. പദ്മയുടെ മൃതദേഹം 56ഉം റോസ്ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍ ഷാഫിയോട് ആവശ്യപ്പെട്ടു.
വാരിയെല്ലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയില്ല
കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വാരിയെല്ല് അടങ്ങുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. അത് കണ്ടെത്താനുള്ള ശ്രമം വെള്ളിയാഴ്ച നടത്തിയെങ്കിലും വിജയിച്ചില്ല. വീടിന്റെ വടക്കുഭാഗത്ത് പദ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിനടുത്ത് മണ്ണിളകിയിടത്ത് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതിനടുത്തുള്ള സെപ്റ്റിക് ടാങ്കും പരിശോധിച്ചിരുന്നു.
കൊച്ചിയില്‍നിന്നുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരുടെ പരിശോധനയും വെള്ളിയാഴ്ച നടന്നു. പദ്മയെ കൊല്ലാനുപയോഗിച്ച കയര്‍ കത്തിച്ച ഇടത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി.
കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹത
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹത. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പോലീസ്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം വാങ്ങാനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്ന് ഷാഫി മറ്റ് പ്രതികളെ വിശ്വസിപ്പിച്ചിരുന്നു.
20 ലക്ഷം രൂപ വില്പനയിലൂടെ ലഭിക്കുമെന്നാണ് ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നത്. എന്നാല്‍, ആള്‍ എത്താതായപ്പോള്‍ മാംസം കുഴിച്ചുമൂടിയെന്നായിരുന്നു ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, ഇവരുടെ മൊഴി പ്രകാരമുള്ള ശരീരാവശിഷ്ടങ്ങള്‍ പരിശോധനയില്‍ കിട്ടിയിട്ടില്ല. ഇതാണ് അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ ഷാഫി മറ്റെവിടേയ്‌ക്കെങ്കിലും കൊണ്ടുപോയോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മാംസം കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം മുതലേ ചോദ്യം െചയ്യലിനോട് സഹകരിക്കാത്ത പ്രകൃതമാണ് ഷാഫിയുടേത്.
പല ചോദ്യങ്ങള്‍ക്കും ചെറു ചിരി മാത്രമാണ് മറുപടി. ഒരേ ചോദ്യം പല തവണ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ശ്രമമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികള്‍ മുമ്പ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. എന്നാല്‍, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് അന്വേഷക സംഘം വിലയിരുത്തുന്നു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.
നരബലി നടുക്കിഹൈക്കോടതി
കൊച്ചി: സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ സംഭവം കേരളത്തിലെ ജനങ്ങളെ നടുക്കിയെന്ന് ഹൈക്കോടതി. 12 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം. കസ്റ്റഡി ഉത്തരവില്‍ ഒരു തെറ്റുമില്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.
ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരായിരുന്നു ഹര്‍ജി നല്‍കിയത്. പ്രതികളുടെ പോലീസ് കസ്റ്റഡി ഒക്ടോബര്‍ 24നാണ് കഴിയുക.
വെള്ളിയാഴ്ചയും ഞായറാഴ്ചയും 15 മിനിറ്റ് പ്രതികളെ കാണാന്‍ ഇവരുടെ അഭിഭാഷകനെ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.