തരൂര്‍ പ്രവര്‍ത്തകസമിതിയില്‍ വരുമോയെന്ന് ഉറ്റുനോക്കി നേതൃത്വം
1 min read
ന്യൂഡല്‍ഹി:മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായതോടെ എല്ലാവരും ഉറ്റുനോക്കുന്നത് തോല്‍വിയിലും തിളങ്ങിയ ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ്. 12 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 11 പേരെ അധ്യക്ഷന് നാമനിര്‍ദേശംചെയ്യാം. ഈ 11ലേക്ക് തരൂരിനെ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. ഇക്കാര്യത്തില്‍ നേതൃത്വത്തിന് കത്തുനല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
രാഹുല്‍ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ സംഘടനാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുതോല്‍ക്കുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കുക പതിവായിരുന്നു. ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയെ കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചുതോറ്റപ്പോള്‍ ഉപാധ്യക്ഷനാക്കി. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ ഖാര്‍ഗെയും ഈ പാത പിന്തുടരുകയാണെങ്കില്‍ തോറ്റ തരൂരിന് അവസരം ലഭിക്കാം. തരൂരടക്കമുള്ള നേതാക്കളുടെ കൂട്ടായ അഭിപ്രായം സ്വീകരിച്ചാവും താന്‍ മുന്നോട്ടുപോവുകയെന്ന് ഖാര്‍ഗെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുണ്ടായാല്‍ അതു വലിയ വിഭാഗീയതകളിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കേരളത്തില്‍നിന്ന് തരൂരിനെപ്പോലെ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മുതിര്‍ന്നനേതാക്കളും പാര്‍ട്ടിയുടെ ഉന്നതസമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് ഇത്രയുംപേരെ ഉള്‍ക്കൊള്ളുക സാധ്യമല്ല. നിലവില്‍ത്തന്നെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കെ.സി. വേണുഗോപാലിന് പുറമേ അംഗങ്ങളാണ്. മാത്രവുമല്ല, ഖാര്‍ഗെ ദക്ഷിണേന്ത്യയില്‍നിന്നുള്ള ആളായതിനാല്‍ സ്വാഭാവികമായും സമിതിയില്‍ ഹിന്ദിമേഖലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിവരും.
സീതാറാം കേസരി അധ്യക്ഷനായിരുന്ന 1997ലാണ് പ്രവര്‍ത്തകസമിതിയില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്ററി ബോര്‍ഡ് നരസിംഹറാവുവിന്റെ കാലത്ത് 1995ല്‍ ഉപേക്ഷിച്ചു. പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന് ഖാര്‍ഗെക്ക് പ്രചാരണം നടത്തിയ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഉദയ്പുര്‍ ചിന്തന്‍ശിബിരത്തില്‍ ആവശ്യപ്പെട്ടിരുന്നു.