ഭഗവൽ സിംഗിനെ കൊല്ലാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു; നരബലി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
1 min readകൊച്ചി; ഇലന്തൂർ നരബലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കേസ് എന്ന് പോലീസ് പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ഇരു സ്ത്രീകളേയും പ്രതികൾ കൊലപ്പെടുത്തിയത്. ക്രൂരമായി കൊന്ന് തള്ളുക മാത്രമല്ല അവരുടെ മൃതദേഹാവശിഷ്ടങ്ങൾ പ്രതികൾ പാചകം ചെയ്ത് കഴിക്കുകയും ചെയ്തു
. ആയുരാരോഗ്യ സൗഖ്യത്തിനാണ് നരഭോജനമെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്. ജൂൺ 8 നായിരുന്നു മുഹമ്മദ് ഷാഫി റോസിലിയെ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. നീലചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കൊണ്ടുവന്നത്. ഉച്ചയ്ക്ക് ഷാഫിയും റോസിലിയും എത്തിയപ്പോൾ ഭക്ഷണം നൽകി ഇരുവരേയും ലൈലയും ഭഗവൽ സിംഗും സ്വീകരിച്ചു. പിന്നീട് ഷൂട്ടിംഗ് എന്ന് പറഞ്ഞ് റോസിലിയെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു.അവസാന നിമിഷം വരെയും സിനിമാ ചിത്രീകരണമാണ് നടക്കുന്നതെന്നായിരുന്നു റോസിലിയെ പ്രതികൾ ബോധ്യപ്രെടുത്തിയത്.
പിന്നീട് തലക്കടിച്ച് ബോധം കെടുത്തിയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി രക്തം ഊറ്റിയെടുക്കുകയായിരുന്നു. ഐശ്വര്യത്തിനും ആയുർ ആരോഗ്യത്തിനുമായി മാംസം ഭക്ഷിക്കണമെന്ന് ഷാഫി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹൃദയഭാഗത്തെ മാംസം പ്രത്യേകം മുറിച്ചെടുത്തു. പിന്നീട് മൂവരും ചേർന്ന് ഇത് പാചകം ചെയ്ത് കഴിക്കുകയും ചെയ്തു. വീട്ടിൽ ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്ന മരത്തടിയിൽ വെച്ച് ഒരേ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ചാണ് റോസിലിയുടെ മൃതദേഹം കുഴിച്ചിട്ടത്.
റോസിലിയെ കൊന്നിട്ടും ദോഷം മാറിയില്ലെന്ന് ഇരുവരേയും വിശ്വസിപ്പിച്ച ശേഷമാണ് ഷാഫി പത്മയേയും വീട്ടിലെത്തിച്ചത്. സമാനമായ രീതിയിൽ ക്രൂരമായാണ് പത്മയേയും പ്രതികൾ കൊലപ്പെടുത്തിയത്. 61 ശരീരഭാഗങ്ങളാണ് കുഴിയിൽ നിന്നും പോലീസിന് ലഭിച്ചത്. ഇതിൽ 56 ഭാഗങ്ങൾ പത്മയുടേതാണെന്ന് വിലയിരുത്തൽ. 5 അസ്ഥികൾ റോസിലിയുടേതാകാമെന്നും പോലീസ് കരുതുന്നു. അതേസമയം ക്രൂര കൊല നടത്തിയിട്ടും യാതൊരു ഭാവമാറ്റവും പ്രതികൾ കാണിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.
സംഭവത്തിന് നാല് ദിവസങ്ങൾക്ക് ശേഷം ഭഗവൽ സിംഗും ലൈലയും വീടിനടുത്ത് നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല സി പി എം പ്രവർത്തകനായിരുന്ന ഭഗവൽ സിംഗ് പാർട്ടി പിരിവുകൾക്കായും പോയിരുന്നതായും പോലീസ് പറയുന്നു. അതേസമയം രണ്ട് കൊലകൾക്കും ശേഷം ലൈലയും ഷാഫിയും ചേർന്ന് ഭഗവൽ സിംഗിനേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ആദ്യ കൊലയ്ക്ക് പിന്നാലെ ഭഗവൽ സിംഗ് ഭയപ്പെട്ടിരുന്നു. രണ്ടാമതും കൊല നടത്തിയതോടെ ഇയാൾ ഭയം കാരണം സംഭവം പുറത്ത് പറയുമോയെന്ന ആശങ്ക ഷാഫിക്കും ലൈലയ്ക്കും ഉണ്ടായിരുന്നു. തുടർന്ന് ഭഗവൽ സിംഗിനേയും വകവരുത്താൻ പദ്ധതിയിട്ടത്. ഇത് കഴിഞ്ഞ് ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചതായും പോലീസിന് വിവരം ലഭിച്ചു.