അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

1 min read

എടക്കര: മലപ്പുറം കരിമ്പുഴ പുന്നപ്പുഴയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുണ്ടേരി ഗവ.സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു (54), ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനി സ്വദേശി ലത (37)അറസ്റ്റി ലായി. ബാബുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്കു വിരൽ ചൂണ്ടിയത്. അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസാണ് ‌എടക്കര പൊലീസ് പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

സംഭവത്തിനു ആധാരമായി പോലീസ് പറയുന്നത് ഇങ്ങനെ: എടക്കര മദ്യഷാപ്പിൽ നിന്ന് മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുൻപാണ് മൂവരും പരിചയപ്പെട്ടത്. എടക്കര കാറ്റാടി പാലത്തിന്റെ അടിയിൽ താമസിക്കുന്ന ലതയുടെ വീട്ടിൽവച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മൂവരും മദ്യപിച്ചു. തുടർന്ന് മൊബൈലിൽ കണ്ട അശ്ലീല വിഡിയോയെ ചൊല്ലി മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിന്റെ തലയ്ക്ക് അടിച്ചു.

അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ തള്ളുകയായിരുന്നു. ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പഴ്സ്, കണ്ണട എന്നിവ ഇവർ അപഹരിച്ചു. ആറു ദിവസം കഴിഞ്ഞ് സെ‌പ്റ്റംബർ 13ന് സംഭവസ്ഥലത്തുനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ നിലമ്പൂർ കരിമ്പുഴ പാലത്തിനു സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാബുവിനെ കാണാനില്ലെന്നു വ്യക്തമാക്കി സെപ്റ്റംബർ എട്ടിന് സഹോദരി നൽകിയ കേസ് പൂക്കോട്ടുംപാടം പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് പുന്നപ്പുഴയിൽ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എടക്കര പൊലീസ് ശാസ്ത്രീയമായി അന്വേഷണം നടത്തി.

Related posts:

Leave a Reply

Your email address will not be published.