സൂപ്പര്‍മാന്‍ വന്നാലും ഇതാണ് അവസ്ഥ’; ദില്ലിയെ വായു ഗുണനിലവാരം, ട്രോളി സോഷ്യല്‍ മീഡിയ
1 min read
രാജ്യതലസ്ഥാനമായ ദില്ലിയിലെ വായു ഗുണനിലവാരം താഴ്ന്നനിലയിലാണ്. ഇതിനെ ചുറ്റിപറ്റി വലിയ രീതിയില്‍ രാഷ്ട്രീയ വിവാദവും ഉയരുന്നുണ്ട്. വലിയതോതില്‍ സ്‌മോഗ് മൂടിയിരിക്കുകയാണ് ദില്ലിയില്‍. ചില സ്‌കൂളുകള്‍ ഇപ്പോള്‍ തന്നെ അടച്ചിട്ട നിലയിലാണ്. എന്നാല്‍ ഈ ഗൌരവമേറിയ പരിസ്ഥിതി വിഷയത്തിലും ഇത് രസകരമായ മീം ആക്കി മാറ്റിയിരിക്കുകയാണ് വിവിധ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
ദില്ലിയില്‍ ശനിയാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 431 ആയിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിനത്തിലും ദില്ലിയെ വായു അതീവ ഗുരുതരം എന്ന അവസ്ഥയില്‍ തുടരുകയാണ്. വായുവിന്റെ സാന്ദ്രത PM 2.5 ആണ്. അതായത് ശ്വാസകോശത്തെ നശിപ്പിക്കുന്ന സൂക്ഷ്മകണങ്ങള്‍ ഒരു ക്യൂബിക് മീറ്റര്‍ വായുവില്‍ 460 മൈക്രോഗ്രാമിന് മുകളിലായിരിക്കും. ഇത് അതീവ ഗുരുതര അവസ്ഥയാണ്. ഇത് സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന് 60 മൈക്രോഗ്രാം എന്ന സുരക്ഷിത പരിധിയുടെ എട്ട് മടങ്ങാണ്.
അതേ സമയം വായു ഗുണനിലവാരം മോശമായതോടെ ഇന്ന് പ്രൈമറി സ്‌കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവധി പ്രഖ്യാപിച്ചു. ഒപ്പം തന്നെ സ്‌കൂളിന് പുറത്തുള്ള എല്ലാ ക്ലാസിലെ കുട്ടികളുടെയും എല്ലാ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെടും വരെ 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദില്ലി സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം നിശ്ചയിച്ചിരിക്കുകയാണ്.