സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി: ഗവര്‍ണര്‍ക്ക് എതിരെ സിപിഎം അംഗങ്ങള്‍ കോടതിയിലേക്ക് , നിയമോപദേശം തേടി

1 min read

തിരുവനന്തപുരം : ഗവര്‍ണര്‍ക്ക് എതിരെ കോടതിയിലേക്ക് നീങ്ങാന്‍ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍. അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാന്‍ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങള്‍ നിയമോപദേശം തേടി .
സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചത് നോട്ടീസ് നല്‍കാതെ എന്നാണ് പരാതി. രണ്ട് സിപിഎം അംഗങ്ങള്‍ അടക്കം 15 പേരെ ആയിരുന്നു ഗവര്‍ണര്‍ പിന്‍വലിച്ചത്

ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാന്‍സിലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേര്‍ സിന്റിക്കേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ഇത് ലഭിച്ചതോടെയാണ് അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കുന്ന’ നടപടിയിലേക്ക് കടന്നത്.

ഇത്രയധികം സെനറ്റ് അംഗങ്ങളെ ഒറ്റയടിക്ക് ഗവര്‍ണ്ണര്‍ പിന്‍വലിക്കുന്നത് അസാധാരണ നടപടിയാണ്. ചാന്‍സലര്‍ക്ക് താല്പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്.

Related posts:

Leave a Reply

Your email address will not be published.