കെകെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം
1 min readആലപ്പുഴ: എസ്എന്‍ഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെകെ മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ സുഭാഷ് വാസുവടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.