ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ;ജിഗ്‌നേഷ് മേവാനി

1 min read

അഹമ്മദാബാദ് : 120 സീറ്റ് നേടി കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ഥാനാ!ര്‍ത്ഥിയും താര പ്രചാരകനുമായ ജിഗ്‌നേഷ് മെവാനി. ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. പ്രചാരണത്തില്‍ പുറകില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഇനിയും ഗുജറാത്തിലെത്തും. മോര്‍ബിയിലെ തൂക്കുപാലസം തകര്‍ന്ന് നിരവധി ജീവന്‍ പൊലിഞ്ഞത് പ്രചാരണ വിഷയം തന്നെയാണ്. ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടില്ല. സമൂഹമാധ്യമങ്ങളിലെ കോലാഹലങ്ങള്‍ വോട്ടാകില്ലെന്നും മെവാനി പറഞ്ഞു. ആംആദ്മി കോണ്‍ഗ്രസിന്റെ വോട്ട് വിഭജിച്ചേക്കാം. വോട്ട് വിഭജിച്ചാല്‍ അവര്‍ ബിജെപിയെ സഹായിക്കുന്നവരാണെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാവുമെന്നും മെവാനി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നാടിളക്കി നടത്തിയ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കന്‍ ഗുജറാത്തിലും മന്ദഗതിയില്‍ ആയിരുന്നു തുടക്കം മുതല്‍ പോളിംഗ്. ഗുജറാത്തികള്‍ക്കൊപ്പം മലയാളി വോട്ടര്‍മാരും രാവിലെതന്നെ പോളിംഗ് ബൂത്തിലേക്ക് എത്തി.

അതേസമയം ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ പറയുന്നത്. 150 ലേറെ സീറ്റുകള്‍ നേടുമെന്നാണ് ഹാര്‍ദ്ദികിന്റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ ഇപ്പോളില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള ചില പട്ടേല്‍ സമര നേതാക്കളുടെ തീരുമാനം വ്യക്തിപരമാണ്. ആംആദ്മിക്ക് ഗുജറാത്തില്‍ സ്ഥാനമില്ല. ദൈവങ്ങളെ വിശ്വസിക്കാത്ത ആംആദ്മി പാര്‍ട്ടിക്കാരെ ഗുജറാത്തികള്‍ വിശ്വസിക്കില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.