കോയമ്പത്തൂര്‍ സ്ഫോടനം: അന്വേഷണ സംഘം കേരളത്തില്‍; വിയ്യൂര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
1 min readകോയമ്പത്തൂര്‍: ഉക്കടത്ത് കാര്‍ ബോംബ് സ്ഫോടനത്തില്‍ അന്വേഷണ സംഘം കേരളത്തിലെത്തി. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്നാണ് സൂചന. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന മാതൃകയില്‍ കോയന്പത്തൂരില്‍ ആക്രണം ലക്ഷ്യമിട്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
വിയ്യൂര്‍ ജയിലിലാണ് മുഹമ്മദ് അസ്ഹറുദ്ദീന് തടവില്‍ കഴിയുന്നത്. ജമേഷ മുബിന് വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്. വിയ്യൂര്‍ ജയിലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സന്ദര്‍ശകരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും പിടിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത സുരക്ഷ തുടരുകയാണ്. സ്ഫോടനം നടന്ന മേഖലയില്‍ വന്‍ പൊലീസ് സന്നാഹം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്