ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് തല്‍ഹ സയീദിനെതിരായ ഇന്ത്യയുടെ നീക്കം തടഞ്ഞ് ചൈന

1 min read

ന്യൂയോര്‍ക്ക് : ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ നേതാവ് ഹാഫിസ് തല്‍ഹ സയീദിനെ(46) ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യ-യുഎസ് നിര്‍ദേശം യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖായിദ സാങ്ഷന്‍സ് കമ്മിറ്റിയില്‍ ചൈന തടഞ്ഞു. ലഷ്‌കറെ തയിബയുടെ മേധാവിയായിരുന്ന ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തല്‍ഹ സയീദിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് വിഷയത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്തെത്തുന്നത്.

ലഷ്‌കറെ തയിബ നേതാവ് ഷാഹിദ് മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യ-യുഎസ് നിര്‍ദേശം യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖായിദ സാങ്ഷന്‍സ് കമ്മിറ്റിയില്‍ ചൊവ്വാഴ്ച ചൈന തടഞ്ഞിരുന്നു. മഹമൂദിനെ 2016 ല്‍ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കറിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും പണം ശേഖരിക്കുന്നതിലും ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും തല്‍ഹ സയീദിനുള്ള പങ്ക് കണക്കിലെടുത്താണ് ഹാഫിസ് സയീദ് ഉള്‍പ്പെടെ 31 പേരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചത്.

പാക്കിസ്ഥാനില്‍ ലഷ്‌കറിന്റെ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന ഹാഫിസ് തല്‍ഹ സയീദ്, ഇന്ത്യ, യുഎസ്, ഇസ്രയേല്‍ എന്നിവയ്‌ക്കെതിരെ ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലഷ്‌കറെ തയിബ നടപ്പാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ യുഎസ് പൗരന്മാരുള്‍പ്പെടെ 160 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തന വിഭാഗമായ ഫലാഹി ഇന്‍സാനിയത്തിന്റെ ഉന്നത നേതാവായ ഷാഹിദ് മഹമൂദ് പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.