‘തലശേരി കൊലപാതകം പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യും ‘മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം:തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി.ലഹരി ക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരിമാഫിയെ അസ്വസ്ഥതപ്പെടുത്തുന്നു .കര്‍ശന നടപടിയുണ്ടാകും.പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്യും.മരിച്ചവരുടെ കുടുംബാംഗങ്ങളെ നിസഹായവസ്ഥയില്‍ എത്തിച്ചുകൂടാ.അവര്‍ക്ക് കൈ താങ്ങാന്‍ സമൂഹത്തിനാകെ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘തലശ്ശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണ്. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതിനാണ് നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാമ്പയിന്‍ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് എക്‌സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തില്‍ അണിചേരുന്നവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയര്‍ന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയില്‍ എത്തിക്കൂടാ. അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ നമുക്കാകെ ഉത്തരവാദിത്വമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു പോരാടാം’ എന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.