പണം നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ പ്രതികളുടെ നീക്കം

1 min read

തിരുവനന്തപുരം: ചാരിറ്റി തട്ടിപ്പ് കേസില്‍ നിന്ന് തടിയൂരാന്‍ വിസ്മയ ന്യൂസ് സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പോത്തന്‍കോട്ടെ കിടപ്പ് രോഗിയില്‍ നിന്ന് തട്ടിയെടുത്ത തുക സംഘം തിരിച്ചേല്‍പ്പിച്ചു. കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിന്റെ സാമൂഹിക മാധ്യമ നടത്തിപ്പുകാരാണ് പണം കൈമാറിയത്. ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പരാതിക്കാരി തന്നെ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പോത്തന്‍കോട് പൊലീസ്, കേസ് ഒത്തുതീര്‍ക്കാന്‍ കോടതിയെ സമീപിക്കണമെന്ന് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചു. കിടപ്പുരോഗിയുടെ ചാരിറ്റി വീഡിയോ ചെയ്ത് 1,40,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളായ രജിത്ത് കാര്യത്തില്‍, രജനീഷ്, അനീഷ് മംഗലാപുരം എന്നിവര്‍ ചേര്‍ന്നാണ് തട്ടിയ പണം തിരികെ നല്‍കിയത്.

ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ പോത്തന്‍കോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി നേരത്തെ തന്നെ ഈ സംഘം പൊലീസിനോട് സമ്മതിച്ചിരുന്നു. സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന പോത്തന്‍കോട് സ്വദേശി ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ 1.30 ലക്ഷം രൂപയാണ് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്റെ ഭാര്യ രമ്യ എന്നിവരെ പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം കൈപ്പറ്റിയതായി ഈ സംഘം പൊലീസിനോട് സമ്മതിച്ചു.

കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് പണം വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകാനായിരുന്നു പൊലീസ് നീക്കം. മറ്റൊരു പ്രതിയായ രജിത് കാര്യത്തിലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഇരിക്കെയാണ് പരാതിക്കാരി തന്നെ കേസ് ഒത്തുതീര്‍ക്കാന്‍ മുന്നോട്ട് വന്നത്.

Related posts:

Leave a Reply

Your email address will not be published.