പോപ്പുലര്‍ഫ്രണ്ട്: കേന്ദ്രം ഉപയോഗിച്ചത് സവിശേഷ അധികാരം
1 min readകൊച്ചി: പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനു കേന്ദ്രം ഉപയോഗിച്ചത് സവിശേഷ അധികാരം. യു.എ.പി.എ. ട്രിബ്യൂണലിന്റെ തീരുമാനത്തിനുപോലും കാക്കാതെ അതിവേഗമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് വിജ്ഞാപനമിറക്കിയത്. യു.എ.പി.എ. നിയമത്തിലെ വകുപ്പ് 3 (3) പ്രകാരമുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് നിരോധനം അതിവേഗം നടപ്പാക്കിയത്. അതുകൊണ്ട് തന്നെ അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് ഈ തീരുമാനം ചോദ്യംചെയ്യാനുള്ള നിയമപരമായ സാധ്യത പരിമിതമാണ്.
സാധാരണ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യു.എ.പി.എ. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിക്കുന്നതോടെയാണ് നിരോധനം നിലവിൽവരുക. തീരുമാനത്തിന് അംഗീകാരം നൽകുന്നതിനുമുന്പ് സംഘടനയ്ക്ക് പറയാനുള്ളതും ട്രിബ്യൂണൽ കേൾക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. ഈ നടപടിക്രമം പാലിക്കാതെ നിയമംനൽകുന്ന സവിശേഷ അധികാരം കേന്ദ്രസർക്കാർ പ്രയോഗിക്കുകയായിരുന്നു. ഇതിനുള്ള കാരണങ്ങൾ വിജ്ഞാപനത്തിൽ അക്കമിട്ടുപറഞ്ഞിട്ടുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളടക്കം ആരോപിച്ചുള്ള നിരോധനം നീക്കിക്കൊണ്ടുള്ള തീരുമാനം സാധാരണയായി ട്രിബ്യൂണലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. മുന്പ് ഇസ്‌ലാംമത പ്രഭാഷകൻ സാക്കിർ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ച തീരുമാനം ട്രിബ്യൂണൽ ശരിവെക്കുകയാണുണ്ടായത്. ഹൈക്കോടതി വിധി ലംഘിച്ച് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നടത്തിയതടക്കമുള്ള കാരണങ്ങൾ ട്രിബ്യൂണലിനുമുന്നിൽ സർക്കാരിന് ചൂണ്ടിക്കാട്ടാനാകും.