പ്രായപരിധി ഏതോ ഗൂഢസംഘത്തിന്റെ തീരുമാനം; കാനത്തിനെതിരെ സി. ദിവാകരന്‍

1 min read

തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധി എന്നത് ഏതോ ഗൂഢസംഘത്തിന്റെ തീരുമാനം ആണെന്നും സി.പി.ഐയില്‍ പ്രായപരിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ദിവാകരന്‍ പറയുന്നു.

പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ആക്രാന്തം ചില ആളുകള്‍ക്ക്- ആയേ പറ്റൂ, മാറില്ല, സാധ്യതയുണ്ട് തനിക്ക് വിജയസാധ്യതയുണ്ട് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കമ്യൂസിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചിന്തയും അങ്ങനെയൊരു വര്‍ത്തമാനവും അനുവദിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടി സമ്മേളനം അല്ലേ തീരുമാനിക്കേണ്ടത്. ഇവിടെ പാര്‍ട്ടി തീരുമാനം ഇല്ല എന്നതാണ് പ്രശ്‌നം.

75 വയസ്സായ ആളുകള്‍ ഒന്നും പാടില്ല എന്നു തീരുമാനിക്കാനുള്ള അവകാശം നിലവില്‍ ആര്‍ക്കുമില്ല. 75 വയസ്സിനു ശേഷം ആരെയും ഉപരിഘടകങ്ങളില്‍ എടുക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ല. ഇനി അങ്ങനെ വേണമെങ്കില്‍, ദേശീയ കൗണ്‍സില്‍ അങ്ങനെ നിര്‍ദേശം വെച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് മര്യാദയ്ക്കു വേണം അത് നടപ്പിലാക്കാന്‍. അല്ലാതെ ഏതാനും ആളുകളുടെ ഒരു ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് നടപ്പിലാക്കാന്‍ പറ്റില്ല. അതാണ് കേരളത്തിലെ സഖാക്കള്‍ക്കുള്ള എതിര്‍പ്പ്-ദിവാകരന്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇത്രയും വലിയൊരു ചേരിതിരിവ് പാര്‍ട്ടിയ്ക്കകത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനത്തില്‍ ചേരിപ്പോര് ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇത്രയ്ക്ക് വലുതായിരുന്നില്ല. എന്നാല്‍ ഇത്തവണ അധികാരം പിടിക്കാനുള്ള രൂക്ഷമായ പോരാട്ടത്തിലാണ് ഇരുവിഭാഗവും.

Related posts:

Leave a Reply

Your email address will not be published.