BJPയുടെ ജന്‍ ആക്രോശ് യാത്ര,കോവിഡിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപനം

1 min read

ജയ്പുര്‍: കോവിഡ് ഭീതിയെത്തുടര്‍ന്ന് ആദ്യം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബിജെപിയുടെ ജന്‍ ആക്രോശ് യാത്രയുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടി തീരുമാനം. ഡിസംബര്‍ ഒന്നുമുതല്‍ രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന യാത്ര കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗോപദേശം സ്വീകരിച്ചാണ് പിന്‍വലിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി ഈ തീരുമാനത്തില്‍ നിന്ന് മാറ്റംവരുത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രയ്ക്ക് പകരം ജന്‍ ആക്രോശ് സഭകള്‍ സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് പൂനിയ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി. ജന്‍ ആക്രോശ് യാത്രയ്ക്ക് തുടക്കമിട്ടത്.

ഡിസംബര്‍ ഒന്നിന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിക്ക് രാഷ്ട്രീയത്തേക്കാള്‍ വലുത് ജനങ്ങളാണെന്നും അവരുടെ സുരക്ഷയും ആരോഗ്യവും കരുതി കോവിഡ് പശ്ചാത്തലത്തില്‍ യാത്ര പിന്‍വലിക്കുന്നുവെന്നാണ് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരിപാടി പിന്‍വലിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചത്. ഇതിന് പിന്നാലെ, ആശയക്കുഴപ്പം മൂലമാണ് പരിപാടി പിന്‍വലിച്ചതായുള്ള അറിയിപ്പ് വന്നതെന്നും പകരം യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് എത്തിയത്.

ഡിസംബര്‍ ഒന്നിന് ആരംഭിച്ച യാത്രയിലൂടെ രണ്ടുകോടിയോളം ജനങ്ങളുമായി ഇതുവരെ സംവദിച്ചുകഴിഞ്ഞുവെന്ന് സതീഷ് പൂനിയ പറഞ്ഞു. 41 നിയമസഭാ മണ്ഡലങ്ങളില്‍ ജന്‍ ആക്രോശ് സഭകള്‍ നടത്തിക്കഴിഞ്ഞു. യാത്ര നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എന്നാല്‍, സഭകള്‍ തുടരും. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് വരെ യോഗങ്ങള്‍ തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വിമര്‍ശിക്കുകയും ചെയ്തു. കോവിഡ് വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ ഒരു കുടുംബം മാത്രം ഇതെല്ലാം ചട്ടങ്ങള്‍ക്കതീതമാണെന്ന് കരുതുന്നതുകൊണ്ട് തന്റെ കടമ നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് മാണ്ഡവ്യ പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.