സത്യേന്ദര്‍ ജെയിന് വിഐപി പരിഗണനയെന്ന് ബിജെപി; ദൃശ്യങ്ങള്‍ പുറത്ത്

1 min read

എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ പുറത്ത്. സത്യേന്ദര്‍ ജെയിന് തടവറയില്‍ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ ജയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്ത് വന്നത് പഴയ വീഡിയോ ആണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ തല മസാജ്, കാല്‍ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദര്‍ ജെയിന്റെ തിഹാര്‍ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അനുവദിച്ച സമയം കഴിഞ്ഞും ജയിലിനുള്ളില്‍ സത്യേന്ദര്‍ ജയിന് മസാജും മറ്റും ലഭിച്ചിരുന്നെന്നും അദ്ദേഹത്തിന് പ്രത്യേക ഭക്ഷണം ലഭ്യവും ജയിലിനുള്ളില്‍ ലഭിച്ചിരുന്നെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ് വി രാജു കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തടവില്‍ കിടക്കുന്ന മിക്ക സമയത്തും സത്യേന്ദര്‍ ജയിന്‍ ഒന്നുകില്‍ ആശുപത്രിയിലോ ജയിലിലോ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുകയാണെന്ന് ഇതോടെ ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പട്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്പപെന്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയ് 30 നാണ് സത്യേന്ദര്‍ ജയിനെ അറസ്റ്റ് ചെയ്തത്.

സത്യേന്ദര്‍ ജയിന് ജയിലില്‍ വിവിഐപി പരിഗണന ലഭിച്ചെന്നും ഇങ്ങനെയൊരു മന്ത്രിയെ കെജ്രിവാള്‍ പ്രതിരോധിക്കുമോ അതോ പുറത്താക്കുമോയെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ട്വിറ്റ് ചെയ്തു. എന്നാല്‍ സത്യേന്ദറിനെ ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമായ അസംബന്ധമാണെന്ന് എ എ പി അവകാശപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.