മോര്‍ബിയും ബിജെപിയെ കൈവിട്ടില്ല; കാന്തിലാല്‍ ജയത്തിലേക്ക്
1 min readഅഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മോര്‍ബിയിലുണ്ടായ തൂക്കുപാല ദുരന്തം ബിജെപിക്ക് തിരിച്ചടിയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കൃത്യമായ ചട്ടങ്ങള്‍ പാലിക്കാതെയാണ് തൂക്കുപാലം അറ്റകുറ്റപ്പണി നടത്തിയതെന്നും പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നു. പൂര്‍ണമായും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.
130ലേറെ പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബിജെപി സ്വീകരിച്ച തന്ത്രപരമായ നിലപാടാണ് തുണയായത്. ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കാന്തിലാല്‍ അമൃതിയ നദിയിലേക്ക് ഇറങ്ങിയിരുന്നു. കാന്തിലാലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് അതുവരെ ചിത്രത്തിലില്ലാത്ത അമൃതിയ കാന്തിലാലിനെ സിറ്റിങ് എംഎല്‍എയായ ബ്രിജേഷ് മെര്‍ജയ്ക്ക് പകരം സ്ഥാനാര്‍ഥിയാക്കിയത്.
ജയന്തിലാല്‍ പട്ടേലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഒക്ടോബര്‍ 30നാണ് രാജ്യത്തെ നടുക്കി മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുവീണത്. ക്ലോക്ക് നിര്‍മ്മാതാക്കളായ ഒറെവ എന്ന കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയതെന്നും ഇവര്‍ക്ക് പാലം നിര്‍മാണത്തില്‍ വൈദ?ഗ്ധ്യമില്ലായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. 15 വര്‍ഷത്തെ കരാറാണ് കമ്പനിക്ക് നല്‍കിയത്. തകര്‍ന്നുവീഴുമ്പോള്‍ അഞ്ഞൂറോളം ആളുകള്‍ പാലത്തിന് മുകളിലുണ്ടായിരുന്നതായാണ് അധികൃതര്‍ പറയുന്നത്.