ഹര്‍ത്താലിനിടെ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചു; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
1 min readകോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കോട്ടയത്ത് ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്.
തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവര്‍ അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു രണ്ട് ആക്രമണവും. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര് അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 എണ്ണം. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.