വെടിയുണ്ടകളേറ്റിട്ടും പിന്മാറിയില്ല,
ഒടുവില്‍ പാക് ഭീകരര്‍ വീണു;
താരമായി സൈന്യത്തിന്റെ നായ’സൂം’

1 min read

ശ്രീനഗര്‍: ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ദേഹത്തു തുളഞ്ഞുകയറിയത് രണ്ട് വെടിയുണ്ടകളാണ്. പക്ഷെ പിന്തിരിയാന്‍ ‘സൂം’ ഒരുക്കമായിരുന്നില്ല. പോരാട്ടം തുടരുകയും രണ്ട് ഭീകരവാദികളെ കൊലപ്പെടുത്താന്‍ അവന്‍ സുരക്ഷാസേനയെ സഹായിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂം, വിദഗ്ധപരിശീലനം നേടിയ നായയാണ്. ഭീകരവാദികളെ കീഴ്‌പ്പെടുത്താനും സൂമിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന അവിടം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തത്. തുടര്‍ന്ന് ഭീകരവാദികള്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയക്കുകയായിരുന്നു.

ഭീകരവാദികളെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്നതിനിടെയാണ് സൂമിന് രണ്ടുവട്ടം വെടിയേറ്റത്. എന്നിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ലെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ഏല്‍പിച്ച ഉദ്യമം സൂം ഭംഗിയായി പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സൂം, ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്. ദക്ഷിണ കശ്മീരിലെ പല സൈനിക നടപടികളിലും സൂം പങ്കെടുത്തിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.